Tuesday, November 24, 2026

രാജാവിനോടുള്ള കൂറുപ്രഖ്യാപനം: സത്യപ്രതിജ്ഞ നിര്‍ബന്ധമെന്ന് കോടതി; കെബെക്കില്‍ ഭരണഘടനാ പ്രതിസന്ധി രൂക്ഷം

മണ്‍ട്രിയോള്‍: ബ്രിട്ടീഷ് രാജാവിനോട് കൂറുപുലര്‍ത്തുന്ന സത്യപ്രതിജ്ഞ നിര്‍ബന്ധമാണെന്ന കോടതി വിധി കെബെക്കിനെ രാഷ്ട്രീയ-നിയമ പ്രതിസന്ധിയിലേക്ക് തള്ളിവിട്ടിരിക്കുകയാണ്. ഈ വര്‍ഷത്തെ പ്രവിശ്യാ തിരഞ്ഞെടുപ്പിന് ശേഷം സത്യപ്രതിജ്ഞ ചെയ്തപ്പോള്‍ കെബെക്ക് ദേശീയ അസംബ്ലിയിലെ (National Assembly) അംഗങ്ങള്‍ ഏകകണ്ഠമായി രാജാവിനോടുള്ള സത്യപ്രതിജ്ഞ ഒഴിവാക്കിയിരുന്നു. എന്നാല്‍ സത്യപ്രതിജ്ഞ എടുക്കാതെ അംഗങ്ങള്‍ക്ക് സഭയില്‍ ഇരിക്കാനാവില്ലെന്ന് സുപ്പീരിയര്‍ കോടതി വ്യക്തമാക്കി.

ഡിസംബര്‍ ഒന്നിന് നിയമസഭാ സമ്മേളനം ചേരാനിരിക്കെ, കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കുമെന്നും എല്ലാ നിയമ-രാഷ്ട്രീയ സാധ്യതകളും പരിശോധിക്കുമെന്നും കെബെക്ക് പ്രീമിയര്‍ പോള്‍ സെന്റ്-പിയറി പ്ലാമോണ്ടന്‍ വ്യക്തമാക്കി. ജനാധിപത്യ പ്രക്രിയയിലൂടെ തിരഞ്ഞെടുക്കപ്പെട്ട നൂറിലധികം ജനപ്രതിനിധികള്‍ക്ക് ഇംഗ്ലണ്ടിലെ രാജാവിനോട് കൂറുപുലര്‍ത്തി സത്യപ്രതിജ്ഞ ചെയ്യുന്നത് അപമാനകരമായ കാര്യമാണെന്നും ഇതിന് പൊതുജനങ്ങളുടെ വലിയ പിന്തുണയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സത്യപ്രതിജ്ഞ ഓപ്ഷണലാക്കി (നിര്‍ബന്ധമില്ലാതാക്കി) 2022-ല്‍ കെബെക്ക് പാസാക്കിയ നിയമം സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് പബ്ലിക് ഇന്ററസ്റ്റ് ലിറ്റിഗേഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപകന്‍ ലോറന്‍സ് ഡേവിഡാണ് കോടതിയെ സമീപിച്ചത്. അപ്പീല്‍ നടപടികള്‍ നടക്കുമ്പോള്‍ പോലും കോടതി വിധി ഉടനടി പ്രാബല്യത്തില്‍ വരുമെന്നും അത് സ്റ്റേ ചെയ്യാനാവില്ലെന്നും ജസ്റ്റിസ് ഇയാന്‍ ഡെമേഴ്‌സ് തന്റെ ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്.

ഭരണഘടനാപരമായ വെല്ലുവിളികള്‍:

  • സത്യപ്രതിജ്ഞ ചെയ്യാത്ത പക്ഷം ഡിസംബര്‍ ഒന്നിന് ദേശീയ അസംബ്ലി ചേരാന്‍ നിയമപരമായി സാധിക്കില്ലെന്ന് അഭിഭാഷകനായ ലോറന്‍സ് ഡേവിഡ് ചൂണ്ടിക്കാട്ടുന്നു. സത്യപ്രതിജ്ഞ ചെയ്യാതെ ബില്ലുകള്‍ അവതരിപ്പിക്കാനോ വോട്ട് ചെയ്യാനോ അംഗങ്ങള്‍ക്ക് അധികാരമില്ല.
  • സത്യപ്രതിജ്ഞ ചെയ്യാതെ അംഗങ്ങള്‍ നിയമങ്ങള്‍ പാസാക്കുകയും പിന്നീട് അപ്പീല്‍ തള്ളുകയും ചെയ്താല്‍, അസംബ്ലി പാസാക്കിയ എല്ലാ നിയമങ്ങളും അസാധുവാകുന്ന സാഹചര്യമുണ്ടാകുമെന്ന് മോണ്‍ട്രിയല്‍ സര്‍വകലാശാലയിലെ ഭരണഘടനാ നിയമ പ്രൊഫസര്‍ കരീന്‍ മില്ലെയര്‍ മുന്നറിയിപ്പ് നല്‍കുന്നു. അതിനാല്‍ ഡിസംബര്‍ ഒന്നിന് സഭയില്‍ ഇരിക്കണമെങ്കില്‍ അംഗങ്ങള്‍ സത്യപ്രതിജ്ഞ ചെയ്‌തേ മതിയാകൂ.
  • സത്യപ്രതിജ്ഞ ഒഴിവാക്കണമെങ്കില്‍ ഭരണഘടനാ ഭേദഗതിയിലൂടെ മാത്രമേ അത് സാധ്യമാകൂ എന്നും, അതിന് കാനഡയിലെ എല്ലാ പ്രവിശ്യാ പാര്‍ലമെന്റുകളുടെയും ഏകകണ്ഠമായ പിന്തുണ ആവശ്യമാണെന്നും ഭരണഘടനാ അഭിഭാഷകന്‍ ഫ്രെഡറിക് ബെറാര്‍ഡ് വ്യക്തമാക്കി.

തിരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ കെബെക്കിലെ രാജഭരണത്തിന്റെ എല്ലാ അവശിഷ്ടങ്ങളും ഇല്ലാതാക്കുമെന്ന് പ്ലാമോണ്ടന്‍ വാഗ്ദാനം ചെയ്തിരുന്നു. കെബെക്കിന് ഒരു റിപ്പബ്ലിക്കായി മാറുന്നതിന് തടസ്സമില്ലെന്നും, എന്നാല്‍ അതിന് എല്ലാ പ്രവിശ്യകളുടെയും ഹൗസ് ഓഫ് കോമണ്‍സിന്റെയും സെനറ്റിന്റെയും അംഗീകാരത്തോടെയുള്ള ഭരണഘടനാ നടപടിക്രമങ്ങള്‍ പാലിക്കണമെന്നും സുപ്പീരിയര്‍ കോടതി വിധിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!