ടൊറന്റോ: ഒന്റാരിയോ പ്രവിശ്യയിലുള്ള മദ്യവില്‍പ്പന ശാലകളില്‍ (LCBO) വര്‍ദ്ധിച്ചുവരുന്ന മോഷണങ്ങള്‍ തടയുന്നതിനായി കര്‍ശന സുരക്ഷാ നടപടികളുമായി അധികൃതര്‍ രംഗത്ത്. ഇതിന്റെ ഭാഗമായി പ്രവിശ്യയിലെ ഏറ്റവും കൂടുതല്‍ മോഷണസാധ്യതയുള്ള 40-ലധികം സ്റ്റോറുകളില്‍ പോലീസ് ഉദ്യോഗസ്ഥരെ വിന്യസിക്കാന്‍ ലിക്കര്‍ കണ്‍ട്രോള്‍ ബോര്‍ഡ് ഓഫ് ഒന്റാറിയോ (LCBO) തീരുമാനിച്ചു. ബുധനാഴ്ച പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പിലാണ് ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ നടപ്പിലാക്കിയ സുരക്ഷാ നടപടികളിലൂടെ രണ്ടായിരത്തിലധികം പേരെ അറസ്റ്റ് ചെയ്യാന്‍ സാധിച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് പുതിയ സുരക്ഷാ പദ്ധതി നടപ്പിലാക്കുന്നത്.
സ്റ്റോറുകളിലെ ആകെ മോഷണനഷ്ടത്തിന്റെ 70 ശതമാനത്തോളം സംഘടിത കുറ്റവാളി സംഘങ്ങള്‍ (Organized Crime Groups) നടത്തുന്ന കൊള്ളകളിലൂടെയാണ് സംഭവിക്കുന്നതെന്ന് എല്‍.സി.ബി.ഒ വിലയിരുത്തുന്നു. ഇത്തരം സ്ഥിരം കുറ്റവാളികളെയാണ് പുതിയ നീക്കത്തിലൂടെ ലക്ഷ്യമിടുന്നത്. അവധി ദിവസങ്ങള്‍ അടുക്കുന്ന സാഹചര്യത്തില്‍ ഉപഭോക്താക്കളുടെയും ജീവനക്കാരുടെയും സുരക്ഷ ഉറപ്പാക്കാനും ഉല്‍പ്പന്നങ്ങള്‍ സംരക്ഷിക്കാനുമാണ് മുന്‍ഗണന നല്‍കുന്നതെന്ന് എല്‍.സി.ബി.ഒ മീഡിയ റിലേഷന്‍സ് ഡയറക്ടര്‍ സെബാസ്റ്റ്യന്‍ സ്‌കാംസ്‌കി വ്യക്തമാക്കി.

പുതിയ സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി ഉയര്‍ന്ന അപകടസാധ്യതയുള്ള മേഖലകളിലെ 40-ലധികം സ്റ്റോറുകളില്‍ പ്രാദേശിക പോലീസ് സേനയിലെ ഉദ്യോഗസ്ഥരെ (Paid duty police officers) നിയോഗിക്കും. ഇതിനുപുറമെ ഏറ്റവും തിരക്കേറിയതും കൂടുതല്‍ മോഷണങ്ങള്‍ നടക്കുന്നതുമായ സ്റ്റോറുകളില്‍ അധികമായി യൂണിഫോം ധരിച്ച സുരക്ഷാ ഉദ്യോഗസ്ഥരെയും നിയമിക്കുന്നുണ്ട്. ആവര്‍ത്തിച്ച് മോഷണം നടക്കുന്ന സ്റ്റോറുകളില്‍ സാധാരണ വേഷത്തില്‍ (Plainclothes) സുരക്ഷാ ഉദ്യോഗസ്ഥര്‍ നിരീക്ഷണം നടത്തും. മോഷണശ്രമങ്ങള്‍ തടയാനും കുറ്റവാളികളെ സ്ഥലത്തുവെച്ച് തന്നെ അറസ്റ്റ് ചെയ്യാനും ഇവര്‍ക്ക് അധികാരമുണ്ടായിരിക്കും. കൂടാതെ, സ്വകാര്യ സുരക്ഷാ ഏജന്‍സികളിലെ ഗാര്‍ഡുകള്‍ക്ക് അടിയന്തര സാഹചര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിനും പോലീസിനെ സഹായിക്കുന്നതിനുമായി പ്രത്യേക പരിശീലനവും നല്‍കും.
സ്വകാര്യ സുരക്ഷാ ഗാര്‍ഡുകള്‍ക്ക് മോഷ്ടാക്കളെ നേരിട്ട് തടയുന്നതിന് പരിമിതികളുണ്ടെന്നും, സംഘടിത മോഷണങ്ങളുടെ വ്യാപ്തി തിരിച്ചറിഞ്ഞുള്ള വലിയൊരു മാറ്റമാണ് പോലീസിനെ വിന്യസിക്കാനുള്ള തീരുമാനമെന്നും സെനെക്ക പോളിടെക്‌നിക്കിലെ പബ്ലിക് സേഫ്റ്റി പ്രൊഫസര്‍ ഇയാന്‍ മെസഞ്ചര്‍ അഭിപ്രായപ്പെട്ടു. സ്റ്റാറ്റിസ്റ്റിക്‌സ് കാനഡയുടെ (Statistics Canada) കണക്കുകള്‍ പ്രകാരം, 2020 മുതല്‍ 2025 വരെയുള്ള തുടര്‍ച്ചയായ അഞ്ച് വര്‍ഷങ്ങളില്‍ കടകളിലെ മോഷണ നിരക്കില്‍ വര്‍ദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
