ടൊറന്റോ: അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഏർപ്പെടുത്തിയ ഉയർന്ന ഇറക്കുമതി തീരുവയുടെ ആഘാതത്തിൽ കാനഡയിലെ പ്രമുഖ ഭക്ഷ്യ പാക്കേജിങ് കമ്പനിയായ സ്റ്റാൻപാക് (Stanpac) ഉൽപ്പാദനം അമേരിക്കയിലേക്ക് മാറ്റാനൊരുങ്ങുന്നു. ആഴ്ചയിൽ 0.5 മില്യൺ യുഎസ് ഡോളർ വീതം അമേരിക്കൻ തീരുവയായി നൽകേണ്ടിവരുന്നതാണ് കമ്പനിയെ പ്രതിസന്ധിയിലാക്കിയത്. ഇതോടെ ഒന്റാരിയോയിലെ സ്മിത്ത്വില്ലിലുള്ള പ്ലാന്റിലെ 350 ജീവനക്കാരുടെ ജോലി ആശങ്കയിലായി.
1949ൽ സ്ഥാപിതമായ സ്റ്റാൻപാക് ഐസ്ക്രീം പാക്കേജിങ്, ഗ്ലാസ് പാൽക്കുപ്പികൾ, ഭക്ഷ്യസേവന മേഖലയ്ക്കുള്ള പാക്കേജിങ് ഉൽപ്പന്നങ്ങൾ എന്നിവ നിർമിക്കുന്ന കുടുംബ ഉടമസ്ഥതയിലുള്ള സ്ഥാപനമാണ്. ചാപ്മാൻസ്, ബാസ്കിൻ റോബിൻസ്, വാൻ ല്യൂവൻ തുടങ്ങിയ പ്രമുഖ ബ്രാൻഡുകൾക്കായി കമ്പനി പാക്കേജിങ് ഉൽപ്പന്നങ്ങൾ നിർമിക്കുന്നുണ്ട്.
കമ്പനിയുടെ ഉൽപ്പാദനത്തിന്റെ ഏകദേശം 80 ശതമാനവും അമേരിക്കയിലേക്കാണ് കയറ്റുമതി ചെയ്യുന്നത്. ഉൽപ്പന്നങ്ങൾക്ക് 50 ശതമാനം തീരുവ ഏർപ്പെടുത്തിയതോടെ കമ്പനിയുടെ സാമ്പത്തിക നിലയെ ഗുരുതരമായി ബാധിച്ചിരിക്കുകയാണ്. നിലവിൽ നൽകുന്ന തീരുവ തങ്ങളുടെ വരുമാനത്തേക്കാൾ കൂടുതലാണെന്ന് കമ്പനി സഹപ്രസിഡന്റ് ആൻഡ്രൂ വിറ്റ് പറഞ്ഞു.
തീരുവ പ്രതിസന്ധി തുടരുന്ന സാഹചര്യത്തിൽ ഐസ്ക്രീം കണ്ടെയ്നറുകളും പ്ലാസ്റ്റിക് പാൽക്കുപ്പി അടപ്പുകളും നിർമിക്കുന്നതിനുള്ള പ്രത്യേക ഉപകരണങ്ങൾ ടെക്സസിലെയും ന്യൂജേഴ്സിയിലെയും കമ്പനിയുടെ കേന്ദ്രങ്ങളിലേക്ക് മാറ്റാനാണ് തീരുമാനം. അടുത്ത മാസം മുതൽ ഉൽപ്പാദനം മാറ്റുന്നതിനുള്ള നടപടികൾ ആരംഭിക്കുമെന്നാണ് ഉടമകൾ അറിയിച്ചിരിക്കുന്നത്.
സ്മിത്ത്വില്ലിലെ പ്ലാന്റിൽ ഏകദേശം 500 ജീവനക്കാരാണുള്ളത്. നിലവിലെ സാഹചര്യം തുടർന്നാൽ ഇവരിൽ 70 ശതമാനം പേരുടെയും തൊഴിൽ നഷ്ടപ്പെടുമെന്നാണ് കമ്പനിയുടെ കണക്കുകൂട്ടൽ. എന്നാൽ പിരിച്ചുവിടലിലേക്ക് കടക്കുന്നതിന് മുമ്പ് ബാധിക്കപ്പെടുന്ന ജീവനക്കാരെ പ്ലാന്റിലെ മറ്റ് വിഭാഗങ്ങളിലേക്ക് മാറ്റാനുള്ള ശ്രമവും നടത്തുന്നുണ്ട്.

കമ്പനി പ്രതിസന്ധി പരിഹരിക്കാൻ കനേഡിയൻ സർക്കാരിന്റെ സഹായം തേടിയിട്ടുണ്ട്. സെപ്റ്റംബറിൽ ഫെഡറൽ സാമ്പത്തിക വികസന ഏജൻസിയുടെ പ്രാദേശിക തീരുവ പ്രതികരണ പദ്ധതിയിലൂടെ സഹായത്തിന് അപേക്ഷ നൽകിയെങ്കിലും ഇതുവരെ ധനസഹായം ലഭിച്ചിട്ടില്ലെന്ന് കമ്പനി വൈസ് പ്രസിഡന്റ് മുറേ ബെയ്ൻ വ്യക്തമാക്കി.
തീരുവയുടെ ആഘാതം നേരിടുന്ന കമ്പനികൾക്കും വ്യവസായങ്ങൾക്കും സഹായം നൽകുന്നതിനായി 2026ലെ ഫെഡറൽ ബജറ്റിൽ ഏകദേശം 44 ബില്യൺ കനേഡിയൻ ഡോളർ വകയിരുത്തിയിട്ടുണ്ട്. ഇതിൽ 20.6 ബില്യൺ കനേഡിയൻ ഡോളർ കമ്പനികൾക്ക് വിപണികൾ വൈവിധ്യവത്കരിക്കാനും വ്യവസായ ശേഷി നിലനിർത്താനും സഹായിക്കുന്നതിനുള്ളതാണ്.
സ്മിത്ത്വില്ലുമായി തലമുറകളുടെ ബന്ധമുള്ള സ്ഥാപനമാണ് സ്റ്റാൻപാക്. പ്രദേശത്തെ നിരവധി കുടുംബങ്ങൾ വർഷങ്ങളായി കമ്പനിയിൽ ജോലി ചെയ്യുന്നുണ്ട്. ഉൽപ്പാദനം അമേരിക്കയിലേക്ക് മാറ്റാൻ ആഗ്രഹിക്കുന്നില്ലെന്നും സ്വന്തം നാട്ടിൽ തന്നെ വ്യവസായവും തൊഴിലവസരങ്ങളും നിലനിർത്താനാണ് ആഗ്രഹമെന്നും കമ്പനി സഹപ്രസിഡന്റ് മാറ്റ് വിറ്റ വ്യക്തമാക്കി.
