ഓട്ടവ: കനേഡിയൻ കൺസർവേറ്റീവ് പാർട്ടി നേതാവ് പിയേർ പൊളിയേവിനൊപ്പം സംസാരിക്കുന്ന ചിത്രം പുറത്തുവന്നതിനെത്തുടർന്ന് നഴ്സിന്റെ തൊഴിൽ കരാർ പുതുക്കില്ലെന്ന് അറിയിച്ചെന്ന ആരോപണം നിഷേധിച്ച് കാലിയൻ ഹെൽത്ത്. സംഭവത്തിൽ സമഗ്രമായ അന്വേഷണം ആരംഭിച്ചതായും നഴ്സ് ഇപ്പോഴും ജോലിയിൽ തുടരുകയാണെന്നും കമ്പനി വ്യക്തമാക്കി.
പാർലമെന്റിൽ പിയേർ പൊളിയേവ് ഉന്നയിച്ച ആരോപണങ്ങളാണ് വിവാദത്തിന് തുടക്കമിട്ടത്. കനേഡിയൻ ഫോഴ്സ് ബേസ് വെയ്ൻറൈറ്റിലുണ്ടായ തീപിടിത്തത്തിന് പിന്നാലെ തന്നോട് സംസാരിക്കുകയും ചിത്രമെടുക്കുകയും ചെയ്തതിന്റെ പേരിൽ നഴ്സിന് തൊഴിൽ നഷ്ടപ്പെടുമെന്ന ഭീഷണി നേരിട്ടതായാണ് അദ്ദേഹം ആരോപിച്ചത്. ജനപ്രതിനിധികളുമായി സംസാരിക്കുന്നതിന്റെ പേരിൽ ഒരാൾക്ക് തൊഴിൽപരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുന്നത് തന്റെ പാർലമെന്ററി അവകാശങ്ങളുടെ ലംഘനമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഒക്ടോബർ 17-ന് ആൽബർട്ടയിലെ വെയ്ൻറൈറ്റ് സൈനിക താവളത്തിൽ പരിശീലനത്തിനിടെയുണ്ടായ തീപിടിത്തത്തിൽ അഞ്ച് സൈനികർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു. അപകടത്തിന് പിന്നാലെ ഗുരുതരമായി പൊള്ളലേറ്റവരുടെ ചികിത്സയിൽ പങ്കെടുത്ത നഴ്സ് മൗറീൻ കാർപെന്ററുമായി കൂടിക്കാഴ്ച നടത്തിയിരുന്നതായി പൊളിയേവ് പറഞ്ഞു. വെയ്ൻറൈറ്റ് ആശുപത്രിയിൽ ജോലി ചെയ്യുന്ന മൗറീൻ കാലിയൻ ഹെൽത്തിന്റെ കരാർ ജീവനക്കാരി കൂടിയാണ്.

എന്നാൽ, നഴ്സിനെതിരായ തൊഴിൽ നടപടിയെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്നാണ് കാലിയൻ ഹെൽത്തിന്റെ വിശദീകരണം. സംഭവത്തിന്റെ സാഹചര്യങ്ങൾ പരിശോധിക്കാൻ പൂർണതോതിലുള്ള അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അന്വേഷണത്തിൽ കമ്പനിയുടെ മൂല്യങ്ങൾക്ക് വിരുദ്ധമായ നടപടികൾ കണ്ടെത്തിയാൽ ഉചിതമായ നടപടി സ്വീകരിക്കുമെന്നും കമ്പനി അറിയിച്ചു. പാർലമെന്റ് അംഗങ്ങളുമായി ആശയവിനിമയം നടത്താനുള്ള പൗരന്മാരുടെ അവകാശത്തെ പൂർണമായി പിന്തുണയ്ക്കുന്നതായും പ്രസ്താവനയിൽ വ്യക്തമാക്കി.
വിഷയത്തിൽ പ്രതിരോധ മന്ത്രി ഡേവിഡ് മക്ഗിന്റിയും അന്വേഷണം നടത്തുന്നുണ്ട്. വോട്ടർമാർക്ക് തങ്ങളുടെ പാർലമെന്റ് അംഗങ്ങളുമായി സ്വതന്ത്രമായി സംസാരിക്കാൻ കഴിയണമെന്നും അദ്ദേഹം പറഞ്ഞു. മൗറീൻ കാർപെന്ററുമായി താൻ നേരിട്ട് സംസാരിച്ചിട്ടില്ലെന്നും കരാറിലെ മൂന്നാം കക്ഷി എന്ന നിലയിൽ വിഷയത്തിൽ നേരിട്ട് ഇടപെടാൻ നിയമപരമായ അധികാരമില്ലെന്നും മന്ത്രി വ്യക്തമാക്കി.
അതേസമയം, കഴിഞ്ഞ വാരാന്ത്യത്തിലുൾപ്പെടെ രണ്ടുതവണ നഴ്സിന്റെ സഹോദരനുമായി സംസാരിച്ചതായി അദ്ദേഹം അറിയിച്ചു. വിഷയത്തിൽ കാലിയൻ ഹെൽത്തുമായി ആശയവിനിമയം നടത്താൻ ഡെപ്യൂട്ടി മന്ത്രിയോട് നിർദേശിച്ചിട്ടുണ്ടെന്നും ഡേവിഡ് മക്ഗിന്റി കൂട്ടിച്ചേർത്തു.
