ടൊറന്റോ: മക്ഡൊണാൾഡ്സ് റെസ്റ്റോറന്റിന് പുറത്തുള്ള നടപ്പാതയിൽ തെന്നിവീണ് പരുക്കേറ്റെന്നാരോപിച്ച് നഷ്ടപരിഹാരം തേടി നിയമപോരാട്ടം നടത്തിയ യുവാവിന് തിരിച്ചടി. നിയമപ്രകാരം രജിസ്റ്റേർഡ് തപാലിൽ അയക്കേണ്ടിയിരുന്ന വക്കീൽ നോട്ടീസ് സാധാരണ തപാലിൽ അയച്ചതാണ് കേസ് തള്ളാൻ കാരണമായത്. ഇതോടെ വാദിയായ ഫ്രാങ്ക് ലാൻസെലോട്ടി പ്രതിഭാഗത്തിന്റെ നിയമച്ചെലവായി 18,185.41 കനേഡിയൻ ഡോളർ നൽകണമെന്നും കോടതി ഉത്തരവിട്ടു.
ഒന്റാരിയോയിലെ ടിമ്മിൻസിലുള്ള അൽഗോൺക്വിൻ ബൊളിവാർഡിലെ മക്ഡൊണാൾഡ്സ് റെസ്റ്റോറന്റിന് പുറത്താണ് 2022 ഒക്ടോബർ 20-ന് അപകടമുണ്ടായതെന്നാണ് ലാൻസെലോട്ടിയുടെ പരാതി. നടപ്പാതയിലെ മഞ്ഞിലും ഐസിലും തെന്നിവീണ് പരുക്കേറ്റെന്നായിരുന്നു ആരോപണം. അപകടത്തിന് പിന്നാലെ റെസ്റ്റോറന്റിനുള്ളിലെത്തി ജീവനക്കാരിയെ വിവരം അറിയിച്ചെന്നും അവർ മാനേജരെ അറിയിക്കാമെന്ന് ഉറപ്പുനൽകിയെന്നും വാദി കോടതിയിൽ പറഞ്ഞു.
തുടർന്ന് 2022 ഒക്ടോബർ 31-ന് അഭിഭാഷകൻ മുഖേന റെസ്റ്റോറന്റിന് നിയമനോട്ടീസ് അയച്ചു. എന്നാൽ നോട്ടീസ് രജിസ്റ്റേർഡ് തപാലിലല്ല, സാധാരണ തപാലിലായിരുന്നു അയച്ചത്. നോട്ടീസ് ലഭിച്ചോയെന്ന് വാദിയോ അഭിഭാഷകനോ പിന്നീട് പരിശോധിച്ചതുമില്ല. ഒരു വർഷത്തിലേറെ കഴിഞ്ഞ് 2023 നവംബർ 30-നാണ് കേസുമായി ബന്ധപ്പെട്ട ഔദ്യോഗിക രേഖകൾ മക്ഡൊണാൾഡ്സിന് കൈമാറിയത്.
അപകടത്തെക്കുറിച്ച് യാതൊരു വിവരവും ലഭിച്ചിരുന്നില്ലെന്നും വാദിയിൽ നിന്ന് നിയമനോട്ടീസ് ലഭിച്ചിട്ടില്ലെന്നുമായിരുന്നു കമ്പനിയുടെ നിലപാട്.
ഒന്റാരിയോയിലെ ഒക്യുപയേഴ്സ് ലയബിലിറ്റി ആക്ട് പ്രകാരം ഇത്തരം അപകടങ്ങളിൽ 60 ദിവസത്തിനുള്ളിൽ നേരിട്ടോ രജിസ്റ്റേർഡ് തപാൽ മുഖേനയോ രേഖാമൂലം നോട്ടീസ് നൽകണം. ഈ നിയമവ്യവസ്ഥ പാലിക്കുന്നതിൽ വാദിക്ക് വീഴ്ച സംഭവിച്ചതായി കോടതി നിരീക്ഷിച്ചു.

കൃത്യസമയത്ത് നോട്ടീസ് ലഭിച്ചിരുന്നെങ്കിൽ അപകടദിവസത്തെ സിസിടിവി ദൃശ്യങ്ങൾ തെളിവായി സൂക്ഷിക്കാൻ റെസ്റ്റോറന്റിന് കഴിയുമായിരുന്നുവെന്നും കോടതി ചൂണ്ടിക്കാട്ടി. സാധാരണയായി ഒന്നോ രണ്ടോ മാസത്തിനുള്ളിൽ സിസിടിവി ദൃശ്യങ്ങൾ സ്വമേധയാ മായുന്ന സംവിധാനമാണ് നിലവിലുള്ളത്. അതിനാൽ വൈകിയുള്ള അറിയിപ്പ് നിർണായക തെളിവുകൾ നഷ്ടപ്പെടാൻ കാരണമായി.
അപകടത്തെക്കുറിച്ച് ജീവനക്കാരിയോട് വാക്കാൽ പറഞ്ഞിരുന്നുവെന്ന വാദവും കോടതി അംഗീകരിച്ചില്ല. ആരോടാണ് വിവരം അറിയിച്ചതെന്ന് കൃത്യമായി തിരിച്ചറിയാൻ ലാൻസെലോട്ടിക്ക് കഴിഞ്ഞിരുന്നില്ല. നിയമം അനുശാസിക്കുന്ന രേഖാമൂലമുള്ള അറിയിപ്പിന് പകരമാകാൻ വാക്കാലുള്ള വിവരം മതിയാകില്ലെന്നും കോടതി വ്യക്തമാക്കി.
നിയമപരമായ സമയപരിധിയും നോട്ടീസ് നൽകുന്നതിനുള്ള നടപടിക്രമങ്ങളും പാലിക്കാത്തതും നിർണായക തെളിവുകൾ നഷ്ടപ്പെട്ടതും പരിഗണിച്ചാണ് കോടതി കേസ് തള്ളിയത്. ഒപ്പം മക്ഡൊണാൾഡ്സിന്റെ നിയമച്ചെലവായ 18,185.41 ഡോളർ വാദി നൽകണമെന്നും ഉത്തരവിട്ടു.
കേസിലെ ആരോപണങ്ങൾക്ക് കഴമ്പുണ്ടോ എന്നതിനൊപ്പം നിയമപരമായ നടപടിക്രമങ്ങളും കൃത്യമായി പാലിക്കേണ്ടതിന്റെ പ്രാധാന്യം വ്യക്തമാക്കുന്നതാണ് കോടതി വിധി.
