റെജൈന: ആഗോളതാപനത്തിന്റെ പ്രത്യാഘാതങ്ങൾ രൂക്ഷമാകുന്നതിനിടെ ഭൂമിയിലെ മഞ്ഞ്, ഹിമാനികൾ, സമുദ്രത്തിലെ മഞ്ഞുപാളികൾ, പെർമാഫ്രോസ്റ്റ് എന്നിവ ഉൾപ്പെടുന്ന ശീതീകരിത ജലവ്യവസ്ഥയായ ക്രയോസ്ഫിയർ (Cryosphere) ഗുരുതര പ്രതിസന്ധിയിലെന്ന് പുതിയ പഠനം. ഈ മേഖലയുടെ സുരക്ഷിത പരിധി ഇതിനകം മറികടന്നതായും ഇത് മനുഷ്യരുടെയും പ്രകൃതിയുടെയും നിലനിൽപ്പിന് ദീർഘകാല ഭീഷണിയാകുമെന്നും സയൻസ് ജേണലിൽ പ്രസിദ്ധീകരിച്ച പഠനം മുന്നറിയിപ്പ് നൽകുന്നു.
യൂണിവേഴ്സിറ്റി ഓഫ് സസ്‌കാച്വാനിലെ പ്രൊഫസറും ജലവിഭവ-കാലാവസ്ഥാ വ്യതിയാന വിദഗ്ധനുമായ ജോൺ പോമറോയ് ഉൾപ്പെടെ 31 വിദഗ്ധരാണ് പഠനത്തിൽ പങ്കെടുത്തത്. വ്യവസായവൽക്കരണത്തിന് മുമ്പുള്ള കാലഘട്ടത്തെ അപേക്ഷിച്ച് ആഗോള താപനില ഏകദേശം 1.5 ഡിഗ്രി സെൽഷ്യസ് ഉയർന്നതോടെ മഞ്ഞുരുകലും സ്ഥിരമായി തണുത്തുറഞ്ഞുകിടക്കുന്ന മണ്ണായ പെർമാഫ്രോസ്റ്റിന്റെ ഉരുകലും വേഗത്തിലായതായി പഠനം ചൂണ്ടിക്കാട്ടുന്നു. സമുദ്രത്തിലെ മഞ്ഞുപാളികളുടെ വിസ്തൃതിയിലും ഗണ്യമായ കുറവുണ്ടാകുന്നുണ്ട്.
കാനഡയിൽ മഞ്ഞുവീഴ്ച കുറയുന്നതും മഞ്ഞ് നേരത്തേ ഉരുകുന്നതും വരൾച്ചയ്ക്കും കാട്ടുതീയ്ക്കും കാരണമാകുന്നതായി പോമറോയ് ചൂണ്ടിക്കാട്ടി. സസ്‌കാച്വാൻ നദീസംവിധാനത്തിലെ നീരൊഴുക്കിലും കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രതിഫലനം പ്രകടമാണ്. ശൈത്യകാലത്ത് ഗതാഗതത്തിനും ഐസ് ഫിഷിങ്ങിനും ഉപയോഗിക്കുന്ന തടാകങ്ങളിലെ മഞ്ഞുപാളികളുടെ കനവും ശക്തിയും കുറഞ്ഞുവരുന്നതായും അദ്ദേഹം വ്യക്തമാക്കി.

കാലാവസ്ഥാ വ്യതിയാനത്തിന്റെ ആഘാതം കുറയ്ക്കുന്നതിനാവശ്യമായ ശാസ്ത്രീയ അറിവുകൾ ലഭ്യമാണെങ്കിലും സർക്കാരുകളുടെ ഫലപ്രദമായ ഇടപെടൽ അനിവാര്യമാണെന്നും പോമറോയ് അഭിപ്രായപ്പെട്ടു. പ്രളയവും വരൾച്ചയും മുൻകൂട്ടി പ്രവചിക്കുന്നതിനുള്ള ദേശീയ തന്ത്രം രൂപീകരിക്കാൻ ലക്ഷ്യമിട്ടുള്ള ബിൽ C-241 കാനഡയ്ക്ക് പ്രതീക്ഷ നൽകുന്നതാണെന്നും അദ്ദേഹം പറഞ്ഞു. ബിൽ നിലവിൽ സെനറ്റിന്റെ പരിഗണനയിലാണ്.
പ്രളയ-വരൾച്ചാ പ്രവചനത്തിനായി ദേശീയതലത്തിൽ ഏകീകൃത തന്ത്രമില്ലാത്ത G7 രാജ്യങ്ങളിലെ ഏക രാജ്യം കാനഡയാണെന്ന് ബില്ലിന് സെനറ്റിൽ പിന്തുണ നൽകുന്ന സെനറ്റർ ട്രേസി മുഗ്ലി പറഞ്ഞു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള കാലാവസ്ഥാ വിവരങ്ങൾ ഏകോപിപ്പിച്ച് കൂടുതൽ കൃത്യമായ പ്രവചനങ്ങൾ നടത്താൻ ബിൽ സഹായിക്കുമെന്നാണ് പ്രതീക്ഷ.
