ഒട്ടാവ: കാനഡയിൽ ഉപയോഗിക്കുന്ന നിക്കോട്ടിൻ പൗച്ചുകളിൽ 82 ശതമാനം വരെയും വേപ്പിങ് ലിക്വിഡ് ഉൽപ്പന്നങ്ങളിൽ 48 ശതമാനം വരെയും നിയമവിരുദ്ധമായിരിക്കാമെന്ന് പുതിയ റിപ്പോർട്ട്. കെപിഎംജി (KPMG) തയ്യാറാക്കിയ പഠനത്തിലാണ് ഞെട്ടിക്കുന്ന കണക്കുകൾ പുറത്തുവന്നത്. കാനഡയിലെ നിയമാനുസൃത വിതരണവും യഥാർഥ ഉപഭോഗവും താരതമ്യം ചെയ്താണ് റിപ്പോർട്ട് തയ്യാറാക്കിയത്

നിക്കോട്ടിൻ പൗച്ചുകളുടെ അനധികൃത വിപണി വ്യാപിക്കുന്നു
കാനഡയിൽ പ്രതിവർഷം 87 ലക്ഷം മുതൽ 2.48 കോടി വരെ നിക്കോട്ടിൻ പൗച്ച് ടിന്നുകൾ ഉപയോഗിക്കുന്നുണ്ടെന്നാണ് റിപ്പോർട്ടിന്റെ കണക്ക്. എന്നാൽ രാജ്യത്തെ നിയമാനുസൃത ആഭ്യന്തര വിതരണം ഏകദേശം 45 ലക്ഷം ടിന്നുകൾ മാത്രമാണ്.
വേപ്പിങ് ലിക്വിഡുകളുടെ കാര്യത്തിലും സമാനമായ വ്യത്യാസമുണ്ട്. പ്രതിവർഷം 14.5 ലക്ഷം മുതൽ 23.9 ലക്ഷം ലിറ്റർ വരെ ഉപയോഗിക്കുന്നതായി കണക്കാക്കുമ്പോൾ നിയമാനുസൃത വിതരണം ഏകദേശം 12.5 ലക്ഷം ലിറ്റർ മാത്രമാണ്.
അനധികൃത ഉൽപ്പന്നങ്ങൾ രാജ്യത്തിനുള്ളിലെ നിയമവിരുദ്ധ നിർമാണകേന്ദ്രങ്ങളിൽ നിന്നോ വിദേശത്തുനിന്നുള്ള ഇറക്കുമതിയിലൂടെയോ രാജ്യത്തെത്തുന്നതായാണ് റിപ്പോർട്ട് വ്യക്തമാക്കുന്നത്
കുട്ടികളിലേക്കും യുവാക്കളിലേക്കും എത്തുന്നത് ആശങ്ക
പ്രായം പരിശോധിക്കാതെ ഉൽപ്പന്നങ്ങൾ വിൽക്കുന്ന ഓൺലൈൻ പ്ലാറ്റ്ഫോമുകളും വ്യാപാരസ്ഥാപനങ്ങളും വഴി കുട്ടികളിലേക്കും കൗമാരക്കാരിലേക്കും ഇത്തരം ഉൽപ്പന്നങ്ങൾ എത്താൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ട് മുന്നറിയിപ്പ് നൽകുന്നു.
നിക്കോട്ടിൻ അതീവ ആസക്തിയുണ്ടാക്കുന്ന വസ്തുവാണ്. യുവാക്കളിലെ തലച്ചോറിന്റെ വളർച്ച, ശ്രദ്ധ, പഠനശേഷി എന്നിവയെ ഇത് പ്രതികൂലമായി ബാധിക്കാമെന്ന് ആരോഗ്യവിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. ഹൃദയസംബന്ധമായ പ്രശ്നങ്ങൾക്കും സാധ്യതയുണ്ട്.
കാനഡയിൽ വിൽപ്പനയ്ക്ക് കർശന നിയന്ത്രണം
കാനഡയിൽ നിക്കോട്ടിൻ പൗച്ചുകൾ പുകവലി ഉപേക്ഷിക്കാൻ സഹായിക്കുന്ന ഉൽപ്പന്നങ്ങളായാണ് നിയന്ത്രിക്കുന്നത്. 2024 ഓഗസ്റ്റ് മുതൽ വിനോദാവശ്യത്തിനുള്ള വിൽപ്പന അനുവദനീയമല്ല. ഫാർമസികളിൽ ഫാർമസിസ്റ്റിന്റെ നിയന്ത്രണത്തിലുള്ള കൗണ്ടറിന് പിന്നിൽ മാത്രമാണ് വിൽപ്പന അനുവദിച്ചിരിക്കുന്നത്.
നിലവിൽ നാല് മില്ലിഗ്രാം നിക്കോട്ടിൻ അടങ്ങിയ Zonnic എന്ന ബ്രാൻഡിനാണ് അംഗീകാരമുള്ള വിൽപ്പനയെന്ന് റിപ്പോർട്ട് പറയുന്നു. വിദേശ വിപണികളിൽ ലഭ്യമായ 50 മില്ലിഗ്രാം വരെ നിക്കോട്ടിൻ അടങ്ങിയ പൗച്ചുകൾ കാനഡയിലും വിൽപ്പനയ്ക്ക് എത്തുന്നതായി റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
നിയന്ത്രണങ്ങളിൽ മാറ്റമില്ലെന്ന് ആരോഗ്യമന്ത്രി
അനധികൃത വിപണി വലിയ പ്രശ്നമാണെന്ന് ഫെഡറൽ ആരോഗ്യമന്ത്രി മാർജോറി മിഷേൽ സമ്മതിച്ചിട്ടുണ്ടെങ്കിലും നിലവിലുള്ള വിൽപ്പന നിയന്ത്രണങ്ങളിൽ മാറ്റം വരുത്താൻ സർക്കാർ ആലോചിക്കുന്നില്ലെന്ന് മന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി.
നിക്കോട്ടിൻ പൗച്ചുകൾ ഫാർമസികളിൽ മാത്രം ലഭ്യമാക്കുന്ന നിലവിലെ രീതി തുടരണമെന്നാണ് കനേഡിയൻ ലങ് അസോസിയേഷന്റെയും കാൻസർ സൊസൈറ്റിയുടെയും നിലപാട്. അതേസമയം, നിയമാനുസൃത വ്യാപാരസ്ഥാപനങ്ങളിലൂടെ വിൽപ്പന അനുവദിക്കണമെന്നും അനധികൃത വിപണിക്കെതിരെ കർശന നടപടിയെടുക്കണമെന്നും വ്യാപാരമേഖലയിലെ സംഘടനകൾ ആവശ്യപ്പെടുന്നു
