Sunday, November 29, 2026

സ്റ്റാലിനെ അനുനയിപ്പിക്കാനുള്ള ഇന്ത്യാ സഖ്യത്തിന്റെ നീക്കം പാളി; നിലപാടിൽ ഉറച്ചുനിന്ന് ഡിഎംകെ, മണ്ഡല പുനർനിർണയ ബില്ലിന് പിന്തുണ തുടരും

തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ നേതൃത്വത്തിലുള്ള ഡിഎംകെയെ അനുനയിപ്പിക്കാനുള്ള ഇന്ത്യാ സഖ്യത്തിന്റെ അവസാനവട്ട ശ്രമവും ഫലം കണ്ടില്ല. കേന്ദ്രസർക്കാരിന്റെ മണ്ഡല പുനർനിർണയ നീക്കവുമായി ബന്ധപ്പെട്ട ഭരണഘടനാ ഭേദഗതി ബില്ലിനെ പിന്തുണയ്ക്കാനുള്ള തീരുമാനത്തിൽ മാറ്റമില്ലെന്ന നിലപാടിലാണ് ഡിഎംകെ. സ്റ്റാലിനെ നേരിൽ കണ്ട് തീരുമാനം മാറ്റാൻ ആവശ്യപ്പെടുന്നതിനായി കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ നേതാക്കൾ ചെന്നൈയിലെത്തിയെങ്കിലും പാർട്ടി നിലപാടിൽ ഉറച്ചുനിൽക്കുകയായിരുന്നു.

കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, പശ്ചിമ ബംഗാൾ മുൻ മുഖ്യമന്ത്രി മമത ബാനർജി തുടങ്ങിയ പ്രമുഖ നേതാക്കളാണ് ഞായറാഴ്ച സ്റ്റാലിനെ കാണാനെത്തിയത്. കേന്ദ്രസർക്കാരിന്റെ മണ്ഡല പുനർനിർണയ ബില്ലിനെതിരെ പ്രതിപക്ഷം ഒറ്റക്കെട്ടായി നിൽക്കണമെന്നായിരുന്നു ഇവരുടെ ആവശ്യം. ലോക്സഭയിലെ അംഗസംഖ്യ 850 ആയി ഉയർത്താനുള്ള നീക്കം രാജ്യത്തെ തിരഞ്ഞെടുപ്പ് ഭൂപടം ഭരണകക്ഷിക്ക് അനുകൂലമായി മാറ്റാൻ വഴിയൊരുക്കുമെന്നാണ് രാഹുൽ ഗാന്ധിയുടെ വിമർശനം.

എന്നാൽ, തമിഴ്നാടിന്റെ താൽപര്യങ്ങൾ സംരക്ഷിക്കുന്നതിനാണ് ബില്ലിനെ പിന്തുണയ്ക്കുന്നതെന്ന നിലപാടിലാണ് സ്റ്റാലിൻ. ലോക്സഭയിലെ സീറ്റുകളിൽ തമിഴ്നാടിന്റെ നിലവിലെ വിഹിതം കുറയ്ക്കരുതെന്നും 1971ലെ സെൻസസ് അടിസ്ഥാനമാക്കിയുള്ള സംസ്ഥാനങ്ങൾ തമ്മിലുള്ള പ്രാതിനിധ്യ അനുപാതം നിലനിർത്തണമെന്നും ഡിഎംകെ ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യങ്ങൾ പരിഗണിക്കപ്പെട്ടതോടെയാണ് ബില്ലിന് പിന്തുണ നൽകാൻ പാർട്ടി തീരുമാനിച്ചത്.

കോൺഗ്രസുമായുള്ള ബന്ധത്തിലെ വിള്ളലും തർക്കത്തിന് പിന്നിലുണ്ട്. തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെ ഡിഎംകെയുമായുള്ള സഖ്യം അവസാനിപ്പിച്ച് വിജയ്‌യുടെ തമിഴക വെട്രി കഴകം (ടിവികെ) സർക്കാരിനെ പിന്തുണയ്ക്കാനുള്ള കോൺഗ്രസ് തീരുമാനമാണ് സ്റ്റാലിൻ വിഭാഗത്തെ ചൊടിപ്പിച്ചത്. ദീർഘകാല സഖ്യകക്ഷിയായിരുന്ന ഡിഎംകെയെ വേണ്ടത്ര പരിഗണിക്കാതെയാണ് കോൺഗ്രസ് നീങ്ങിയതെന്ന വിമർശനവും ഉയർന്നിരുന്നു.

അതേസമയം, ഡിഎംകെ നിലപാട് മാറ്റില്ലെന്ന സൂചന നേരത്തേ തന്നെ നൽകിയിരുന്നു. കോൺഗ്രസ് നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചയിൽ ഡിഎംകെ എംപി കനിമൊഴിയും പാർട്ടി തീരുമാനം അന്തിമമാണെന്ന് വ്യക്തമാക്കിയിരുന്നു. പ്രതിപക്ഷ നേതാക്കളുടെ സന്ദർശനത്തിന് പിന്നാലെയും ബില്ലിനെ പിന്തുണയ്ക്കാനുള്ള തീരുമാനത്തിൽ മാറ്റമുണ്ടായിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ.

നവംബർ 30ന് ആരംഭിക്കുന്ന പാർലമെന്റിന്റെ പ്രത്യേക സമ്മേളനത്തിൽ മണ്ഡല പുനർനിർണയവുമായി ബന്ധപ്പെട്ട ബില്ലുകൾ പരിഗണിക്കാനിരിക്കെയാണ് പ്രതിപക്ഷ സഖ്യത്തിലെ ഭിന്നത കൂടുതൽ പ്രകടമാകുന്നത്. ഡിഎംകെയ്ക്ക് പുറമെ ശരദ് പവാറിന്റെ എൻസിപി വിഭാഗവും കേന്ദ്രനീക്കത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതോടെ പാർലമെന്റിൽ ബില്ലിനെതിരെ പ്രതിപക്ഷത്തിന് ഒറ്റക്കെട്ടായി നിലകൊള്ളാൻ കഴിയുമോയെന്ന ചോദ്യവും ശക്തമാകുകയാണ്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!