കാനഡയിൽ ക്യൂബെക്കിന്റെ മതനിരപേക്ഷ നിയമമായ ബിൽ 21നെച്ചൊല്ലി പ്രവിശ്യാ പ്രീമിയർമാർ തമ്മിൽ വാക്പോര്. നിയമത്തെ ‘നിയമപരമായ വംശീയത’ (Legislative Racism) എന്ന് വിശേഷിപ്പിച്ച മാനിറ്റോബ പ്രീമിയർ വാബ് കിന്യൂവിന്റെ പരാമർശത്തിനെതിരെ ക്യൂബെക് പ്രീമിയർ പോൾ സെന്റ്-പിയറി പ്ലാമോണ്ടൻ രംഗത്തെത്തി. പരാമർശം പിൻവലിക്കണമെന്നും ക്യൂബെക്കിനോടുള്ള അനാദരവും അസഹിഷ്ണുതയും നിറഞ്ഞ പ്രസ്താവനകളിൽ കിന്യൂ ലജ്ജിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കാനഡയിലെ സുപ്രീം കോടതി ക്യൂബെക്കിന്റെ വിവാദമായ ബിൽ 21 നിയമം ഭൂരിഭാഗവും ശരിവച്ചതിന് പിന്നാലെയാണ് രാഷ്ട്രീയ തർക്കം രൂക്ഷമായത്. 2019ൽ പാസാക്കിയ നിയമപ്രകാരം അധ്യാപകർ, പൊലീസ് ഉദ്യോഗസ്ഥർ ഉൾപ്പെടെ അധികാരസ്ഥാനങ്ങളിലുള്ള ചില പൊതുമേഖലാ ജീവനക്കാർക്ക് ജോലിക്കിടെ മതചിഹ്നങ്ങൾ ധരിക്കാൻ വിലക്കുണ്ട്. മുസ്ലിം സ്ത്രീകളുടെ ഹിജാബ്, സിഖുകാരുടെ തലപ്പാവ്, ജൂതരുടെ കിപ്പ, ക്രൈസ്തവരുടെ കുരിശ് തുടങ്ങിയ മതചിഹ്നങ്ങളാണ് നിയമത്തിന്റെ പരിധിയിൽ വരുന്നത്.
നിയമം മതന്യൂനപക്ഷങ്ങളെ ലക്ഷ്യമിട്ടുള്ളതാണെന്നായിരുന്നു മാനിറ്റോബ പ്രീമിയർ വാബ് കിന്യൂവിന്റെ വിമർശനം. മുസ്ലിങ്ങളെയാണ് പ്രധാനമായും നിയമം ലക്ഷ്യമിടുന്നതെന്നും സിഖുകാർ ഉൾപ്പെടെയുള്ള മറ്റ് മതന്യൂനപക്ഷങ്ങളെയും ഇത് ബാധിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. മതവിശ്വാസത്തിന്റെ പേരിൽ ആളുകൾക്ക് തൊഴിൽ അവസരങ്ങൾ നിഷേധിക്കപ്പെടരുതെന്നും ഒരു അധ്യാപികയ്ക്ക് ഹിജാബും പൊലീസ് ഉദ്യോഗസ്ഥന് തലപ്പാവും ധരിച്ച് ജോലി ചെയ്യാൻ കഴിയണമെന്നും കിന്യൂ അഭിപ്രായപ്പെട്ടു.
അതേസമയം, സുപ്രീം കോടതി വിധി ക്യൂബെക്കിന്റെ മതനിരപേക്ഷ നിലപാടിന്റെ സാധുതയും പ്രവിശ്യയുടെ വ്യത്യസ്തമായ സമീപനത്തിന്റെ നിയമസാധുതയും സ്ഥിരീകരിക്കുന്നതാണെന്നാണ് പ്ലാമോണ്ടന്റെ വാദം. കിന്യൂവിന്റെ പരാമർശങ്ങൾ ക്യൂബെക്കിനോടുള്ള അനാദരവാണെന്നും അദ്ദേഹം സമൂഹമാധ്യമത്തിലൂടെ പ്രതികരിച്ചു.
വിവാദത്തിന്റെ കേന്ദ്രമായത് കാനഡയുടെ ഭരണഘടനയിലെ ‘നോട്ട്വിത്ത്സ്റ്റാൻഡിങ് ക്ലോസ്’ ആണ്. ഭരണഘടനയിലെ സെക്ഷൻ 33 പ്രകാരമുള്ള ഈ വ്യവസ്ഥ ഉപയോഗിച്ച് ചില ചാർട്ടർ അവകാശങ്ങൾ മറികടന്ന് നിയമങ്ങൾ നടപ്പാക്കാൻ പ്രവിശ്യാ സർക്കാരുകൾക്ക് സാധിക്കും. അഞ്ച് വർഷത്തേക്കാണ് ഇത്തരം സംരക്ഷണം ലഭിക്കുക. പിന്നീട് പുതുക്കുകയും ചെയ്യാം.
ബിൽ 21 നടപ്പാക്കാൻ ഈ വ്യവസ്ഥ ഉപയോഗിച്ചത് നിയമപരമാണെന്ന് സുപ്രീം കോടതി ഭൂരിപക്ഷ വിധിയിൽ വ്യക്തമാക്കി. എന്നാൽ, ഈ വ്യവസ്ഥ ഉപയോഗിച്ച നിയമങ്ങൾ ഭരണഘടനാ അവകാശങ്ങൾ ലംഘിക്കുന്നുണ്ടോയെന്ന് കോടതികൾക്ക് പ്രഖ്യാപിക്കാമെന്നും വിധിയിൽ വ്യക്തമാക്കിയിട്ടുണ്ട്. അത്തരം പ്രഖ്യാപനങ്ങൾക്ക് നിയമം റദ്ദാക്കാനുള്ള അധികാരമുണ്ടാകില്ലെങ്കിലും പൊതുജനങ്ങൾക്കും നിയമനിർമാണ സഭകൾക്കും അത് പരിഗണിക്കാനാകും.
വിധിയിൽ വിയോജിച്ച മൂന്ന് ജഡ്ജിമാർ ബിൽ 21 റദ്ദാക്കണമെന്ന നിലപാടാണ് സ്വീകരിച്ചത്. നിയമം മതന്യൂനപക്ഷങ്ങളെയും പ്രത്യേകിച്ച് മുസ്ലിം സ്ത്രീകളെയും ആനുപാതികമല്ലാത്ത രീതിയിൽ ബാധിക്കുന്നുവെന്നും അവർ ചൂണ്ടിക്കാട്ടി.
ഡിസംബർ ഏഴിന് ടൊറന്റോയിൽ നടക്കുന്ന പ്രവിശ്യാ പ്രീമിയർമാരുടെ യോഗത്തിലും ബിൽ 21 സംബന്ധിച്ച അഭിപ്രായവ്യത്യാസങ്ങൾ ചർച്ചയാകുമെന്നാണ് വിലയിരുത്തൽ. കാനഡയിലെ മതസ്വാതന്ത്ര്യം, ന്യൂനപക്ഷ അവകാശങ്ങൾ, പ്രവിശ്യകളുടെ അധികാരം എന്നിവയെച്ചൊല്ലിയുള്ള രാഷ്ട്രീയ ചർച്ചകൾക്ക് പുതിയ കോടതി വിധി കൂടുതൽ ശക്തി പകർന്നിരിക്കുകയാണ്.
