ചെന്നൈ: മണ്ഡല പുനർനിർണയ ബില്ലിനെതിരായ പോരാട്ടത്തിൽ പിന്തുണ തേടി തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനെ സഹോദരനെന്ന് വിശേഷിപ്പിച്ച് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. നിർണായക കൂടിക്കാഴ്ചയ്ക്കായി ചെന്നൈയിലേക്ക് തിരിക്കും മുമ്പാണ് രാഹുൽ ഗാന്ധിയുടെ പ്രതികരണം. തമിഴ്നാടിന്റെ താൽപര്യങ്ങൾക്കായി എന്നും ഉറച്ചുനിന്ന നേതാവാണ് സ്റ്റാലിനെന്നും ബില്ലിനെ പരാജയപ്പെടുത്താൻ ഒരുമിച്ച് പോരാടണമെന്നും രാഹുൽ എക്സിൽ കുറിച്ചു.
‘ഇന്ത്യ സഖ്യത്തിലെ മുതിർന്ന നേതാക്കൾക്കൊപ്പം എം.കെ. സ്റ്റാലിനെ കാണാനും മണ്ഡല പുനർനിർണയ, ഭരണഘടനാ ഭേദഗതി ബില്ലുകളെ എതിർക്കാൻ അദ്ദേഹത്തോടും ഡിഎംകെയോടും അഭ്യർഥിക്കാനുമാണ് ചെന്നൈയിലേക്ക് പോകുന്നത്. ലോക്സഭയിലെ സീറ്റുകളുടെ എണ്ണം 850 ആയി ഉയർത്തുന്നത് ഇന്ത്യൻ ജനാധിപത്യത്തിന് ഭീഷണിയാകും. രാജ്യത്തിന്റെ തിരഞ്ഞെടുപ്പ് ഭൂപടം തങ്ങൾക്ക് അനുകൂലമായി മാറ്റിവരയ്ക്കാൻ ബിജെപി-ആർഎസ്എസ് സഖ്യത്തിന് ഇത് വലിയ അവസരം നൽകും.
തമിഴ് വിരുദ്ധ ശക്തികൾക്കെതിരെ സഹോദരൻ സ്റ്റാലിൻ എന്നും പാറപോലെ ഉറച്ചുനിന്നിട്ടുണ്ട്. രാജ്യത്തിന്റെയും തമിഴ്നാടിന്റെയും താൽപര്യങ്ങൾക്കും ഭരണഘടനയുടെ സംരക്ഷണത്തിനുമായി നമുക്ക് ഒരുമിച്ച് ഈ ബില്ലിനെ പരാജയപ്പെടുത്താം’ എന്നായിരുന്നു രാഹുൽ ഗാന്ധിയുടെ കുറിപ്പ്.

‘കട്ടബൊമ്മന്മാരായിരിക്കും, എട്ടപ്പന്മാരല്ല’; സ്റ്റാലിന്റെ മറുപടി
രാഹുലിന്റെ പോസ്റ്റിന് മറുപടിയുമായി സ്റ്റാലിനും രംഗത്തെത്തി. ഭരണഘടനയും സംസ്ഥാനങ്ങളുടെ അവകാശങ്ങളും സംരക്ഷിക്കുന്നതിൽ ഡിഎംകെയുടെ ചരിത്രപരമായ പങ്ക് അംഗീകരിച്ചതിന് നന്ദി അറിയിച്ചായിരുന്നു പ്രതികരണം.
തമിഴ്നാടിന്റെയും തമിഴ് ജനതയുടെയും താൽപര്യങ്ങൾക്കാണ് പാർട്ടി എക്കാലവും മുൻഗണന നൽകിയിട്ടുള്ളതെന്നും ഈ നിലപാടിൽ വിട്ടുവീഴ്ച ചെയ്യില്ലെന്നും സ്റ്റാലിൻ വ്യക്തമാക്കി. ചരിത്രം തങ്ങളെ കട്ടബൊമ്മന്മാരായിട്ടായിരിക്കും വിലയിരുത്തുകയെന്നും എട്ടപ്പന്മാരായിട്ടായിരിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബ്രിട്ടീഷ് ഭരണത്തിനെതിരെ പോരാടിയ വീരപാണ്ഡ്യ കട്ടബൊമ്മനെയും അദ്ദേഹത്തെ ഒറ്റിക്കൊടുത്തതായി കരുതപ്പെടുന്ന എട്ടപ്പനെയും പരാമർശിച്ചുള്ള സ്റ്റാലിന്റെ മറുപടി രാഷ്ട്രീയ വൃത്തങ്ങളിൽ ശ്രദ്ധേയമായി.
ഡിഎംകെയുടെ പിന്തുണ തേടി പ്രതിപക്ഷ നേതാക്കൾ
മണ്ഡല പുനർനിർണയ ബില്ലിനെ ഡിഎംകെ പിന്തുണയ്ക്കുമെന്ന പ്രഖ്യാപനത്തിന് പിന്നാലെയാണ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ പ്രതിപക്ഷ നേതാക്കൾ സ്റ്റാലിനെ കാണാനെത്തുന്നത്. കോൺഗ്രസ് നേതാക്കളായ സോണിയ ഗാന്ധി, മല്ലികാർജുൻ ഖാർഗെ എന്നിവർക്കൊപ്പം മമത ബാനർജി, കപിൽ സിബൽ, എം.എ. ബേബി തുടങ്ങിയ നേതാക്കളും സംഘത്തിലുണ്ട്.
ചെന്നൈയിൽ ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് സ്റ്റാലിനുമായുള്ള കൂടിക്കാഴ്ച നിശ്ചയിച്ചിരിക്കുന്നത്. തുടർന്ന് ശരദ് പവാറുമായി കൂടിക്കാഴ്ച നടത്തുന്നതിനായി രാഹുൽ ഗാന്ധി മുംബൈയിലേക്കും പോകും. മണ്ഡല പുനർനിർണയ ബില്ലിനെതിരെ പ്രതിപക്ഷത്തിന്റെ ഐക്യം ഉറപ്പിക്കുകയാണ് സന്ദർശനത്തിന്റെ പ്രധാന ലക്ഷ്യം.
