ലാഹോർ: പാക്കിസ്ഥാനിലെ തീവ്രവാദ കേന്ദ്രങ്ങൾക്ക് നേരെ ഇറാന്റെ ആക്രമണം. ഭീകര സംഘടനയായ ജെയ്ഷെ അൽ-അദലിന്റെ കേന്ദ്രങ്ങൾ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയത്. മിഡിൽ ഈസ്റ്റിലെ സംഘർഷം വർധിക്കാൻ ഇറാന്റെ ആക്രമണം കാരണമായേക്കുമെന്ന് ആശങ്കയുണ്ട്.
ഇറാൻ ആക്രമണത്തിൽ രണ്ട് കുട്ടികൾ കൊല്ലപ്പെടുകയും മൂന്ന് പേർക്ക് പരിക്കേൽക്കുകയും ചെയ്തുവെന്ന് പാക്കിസ്ഥാൻ അറിയിച്ചു. തങ്ങളുടെ വ്യോമമേഖലയിലേക്ക് പ്രകോപനമില്ലാതെയാണ് ഇറാൻ കടന്നുകയറി ആക്രമണം നടത്തിയതെന്ന് പാക്കിസ്ഥാൻ ആരോപിച്ചു.

ആക്രമണം ഒരിക്കലും അംഗീകരിക്കാനാവില്ല.പാക്കിസ്ഥാന്റെ പരമാധികാരത്തിലേക്ക് കടന്നുകയറ്റമാണ് ഈ ആക്രമണത്തിലൂടെ ഇറാൻ നടത്തിയിരിക്കുന്നത്. ഇതിന് അവർക്ക് പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്നും പാക്കിസ്ഥാൻ മുന്നറിയിപ്പ് നൽകി.
കഴിഞ്ഞ ദിവസം സിറിയയിലും ഇറാൻ ആക്രമണം നടത്തിയിരുന്നു. തിങ്കളാഴ്ച ഇറാഖിലെ ഇർബിലിലും ഇറാൻ ആക്രമണമുണ്ടായിരുന്നു. ഇതിനെ യു.എസ് അപലപിക്കുകയും ചെയ്തിരുന്നു.ആണവശക്തിയായ പാക്കിസ്ഥാനിൽ ഇറാൻ നടത്തിയ ആക്രമണം ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷിബന്ധം വീണ്ടും വഷളാക്കുമെന്ന് ആശങ്കയുണ്ട്.
ഈ മാസം ഇറാൻ തലസ്ഥാനമായ ടെഹ്റാനിലുണ്ടായ ഭീകരാക്രമണത്തിൽ 90 പേർ കൊല്ലപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഇറാൻ വിവധ സ്ഥലങ്ങളിൽ ആക്രമണങ്ങൾ ശക്തമാക്കിയത്.
