തിരുവനന്തപുരം: കടുത്ത വേനലിൽ വൈദ്യുതി ഉപഭോഗം റെക്കോർഡ് നിലയിലേക്ക് ഉയർന്നതോടെ സംസ്ഥാനത്ത് നിയന്ത്രണം ഏർപ്പെടുത്താൻ കെഎസ്ഇബി തീരുമാനിച്ചു. വൈകുന്നേരം 6 മണി മുതൽ രാത്രി 12 മണി വരെയുള്ള സമയത്താണ് നിയന്ത്രണം ഉണ്ടാവുക.
പീക്ക് ലോഡ് മാനേജ്‌മെന്റ് എന്ന പേരിൽ നടപ്പിലാക്കുന്ന ഈ പദ്ധതി പ്രകാരം ഓരോ പ്രദേശത്തും ഏകദേശം 15 മുതൽ 30 മിനിറ്റ് വരെ വൈദ്യുതി തടസ്സപ്പെടും. ഗ്രിഡിന്റെ സുരക്ഷ മുൻനിർത്തിയാണ് ഈ നടപടി. പ്രധാനമായും മൂന്ന് കാരണങ്ങൾ ആണ് ഉള്ളത്. ഒന്നാമത്തേത്, ചൂട് വർധിച്ചതോടെ എസി, ഫാൻ എന്നിവയുടെ അമിത ഉപയോഗം, കേന്ദ്ര വിഹിതത്തിൽ ഉണ്ടായ 200 മെഗാവട്ടിന്റെ കുറവ്, പ്രധാന അണക്കെട്ടുകളിലെ ജലനിരപ്പ് താഴുന്നത്.

വൈകിട്ട് 6 മുതൽ രാത്രി 12 വരെയുള്ള സമയത്ത് ഇലക്ട്രിക് വാഹനങ്ങൾ ചാർജ് ചെയ്യുന്നത് ഒഴിവാക്കണം. വാഷിങ് മെഷീൻ, ഇൻഡക്ഷൻ കുക്കർ, അയൺ ബോക്സ് തുടങ്ങിയവയുടെ ഉപയോഗം ഈ സമയത്ത് കുറയ്ക്കണം. എസിയുടെ താപനില 24-നും 26 ഡിഗ്രിക്കും ഇടയിൽ ക്രമീകരിച്ച് വൈദ്യുതി ലാഭിക്കാൻ പൊതുജനങ്ങൾ സഹകരിക്കണമെന്ന് കെഎസ്ഇബി അഭ്യർത്ഥിച്ചു. അപ്രഖ്യാപിതമായി നടന്നിരുന്ന നിയന്ത്രണങ്ങൾ ഒഴിവാക്കി കാര്യക്ഷമമായ വൈദ്യുതി വിതരണം ഉറപ്പാക്കാനാണ് കെഎസ്ഇബി ഈ തീരുമാനമെടുത്തത്.
