വാഷിംഗ്ടൺ: യെമനിലെ ഹൂതി വിമതർക്കെതിരെ ആക്രമണം കടുപ്പിച്ച് അമേരിക്ക. ചെങ്കടലിലെ കപ്പലുകൾ ലക്ഷ്യമിടുന്നത് അവസാനിപ്പിക്കുന്നത് വരെ തങ്ങൾ ശക്തമായി തന്നെ പ്രതികരിക്കുമെന്ന് പ്രസിഡന്റ് ജോ ബൈഡൻ ഇന്നലെ വീണ്ടും മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് വീണ്ടും ഹൂതികളുടെ കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് മറ്റൊരു ആക്രമണം ഉണ്ടായിരിക്കുന്നത്.

കഴിഞ്ഞ ആഴ്ച അമേരിക്കയും ബ്രിട്ടണും സംയുക്തമായി ഹൂതി വിമതർക്കെതിരെ വ്യോമാക്രമണം നടത്തിയിരുന്നു. എന്നാൽ മേഖലയിൽ നിന്ന് പിന്മാറില്ലെന്ന് ഹൂതികൾ അറിയിച്ചിരുന്നു. പിന്നാലെയാണ് അമേരിക്കയുടെ നീക്കം. ചെങ്കടലിൽ കൂടുതൽ ഇടങ്ങളിലേക്ക് തങ്ങളുടെ സാന്നിധ്യം വർധിപ്പിക്കാനാണ് ഹൂതി വിമതർ ശ്രമിക്കുന്നതെന്നും യുഎസ് സൈന്യം ആരോപിച്ചു. തുടർച്ചയായ ഭീഷണികൾക്ക് പിന്നാലെ ഹൂതി വിമതരെ അമേരിക്ക ആഗോള ഭീകരരായി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.
യുഎസ് നാവികസേനയുടെ യുദ്ധവിമാനങ്ങളാണ് ഏറ്റവും പുതിയ ആക്രമണം നടത്തിയതെന്ന് ഡെപ്യൂട്ടി പെന്റഗൺ പ്രസ് സെക്രട്ടറി സബ്രീന സിംഗ് പറഞ്ഞു. വ്യാപാര കപ്പലുകൾക്ക് നേരെ ഹൂതി വിമതർ ആക്രമണം തുടരുകയാണെന്നും, ഇത്തരം ഭീഷണികൾ അംഗീകരിച്ച് കൊടുക്കാനാകില്ലെന്നും യുഎസ് സെൻട്രൽ കമാൻഡ് വ്യക്തമാക്കി. ഇതോടെയാണ് ഇന്നലെ രാവിലെ ഹൂതികൾക്ക് നേരെ അമേരിക്ക തിരിച്ചടിച്ചത്. തങ്ങൾക്ക് നേരെ ഹൂതികൾ മിസൈൽ ആക്രമണം നടത്തിയെന്നും, സ്വയം പ്രതിരോധത്തിന്റെ ഭാഗമായി അവയെ തകർത്തതായും പ്രസ്താവനയിൽ പറയുന്നു.