ഫിലഡല്‍ഫിയ: കൊളംബിയയില്‍ ലഹരിമരുന്നിനും ലൈംഗികാസക്തിക്കും അടിമപ്പെട്ട് മെഡലിനിലെത്തി കൊല്ലപ്പെടുന്ന വിദേശ യുവാക്കളുടെ എണ്ണം വർധിക്കുന്നതായി വോൾസ്ട്രീറ്റ് ജേണൽ റിപ്പോർട്ട്.2023 ജനുവരി മുതൽ ഒക്ടോബർ വരെ 12 യുഎസ് പൗരന്മാരും മൂന്നു ബ്രിട്ടിഷ് പൗരന്മാരും അടക്കം 32 വിദേശികളാണ് കൊല്ലപ്പെട്ടതെന്ന് മെഡലിന്‍ ടൂറിസം വകുപ്പ് പുറത്തുവിട്ട കണക്കിൽ പറയുന്നു.ലഹരിമരുന്നും ലൈംഗികത്തൊഴിലാളികളും സുലഭമാണെന്നതാണ് ഇവരെ മെഡലിനിലേക്ക് ആകർഷിക്കുന്നത്. ഡേറ്റിങ് ആപ്പുകൾ വഴി പരിചയപ്പെടുന്ന യുവതികളെ കാണാനെത്തുന്നവരും കെണിയിലാകുന്നു.
മെഡലിനിൽ എത്തി ഒരു സ്ത്രീയുമായി അടുപ്പത്തിലായിരുന്ന ചൈനയിലെ ഹമോങ് കമ്യൂണിറ്റി പ്രവര്‍ത്തകനും മിനസോഡ നിവാസിയും നടനുമായ ടോഗര്‍ സിയോങ് കഴിഞ്ഞ ഡിസംബറിലാണ് കൊല്ലപ്പെടുന്നത്.

മരിക്കുന്നതിന് മുൻപ് യുഎസിലുള്ള സഹോദരനോട് അത്യാവശ്യമായി 2000 ഡോളർ അയച്ചുതരണമെന്ന് സിയോങ് ആവിശ്യപെട്ടിരുന്നു.സഹോദരൻ പണം ട്രാൻസ്ഫർ ചെയ്തതിന്റെ അടുത്ത ദിവസം സിയോങ്ങിനെ കാണാതായി. ദിവസങ്ങൾക്കു ശേഷം, നഗരത്തിൽനിന്ന് അകലെയുള്ള വനപ്രദേശത്താണ് മൃതദേഹം കണ്ടെത്തിയത്.
കുറ്റവാളിസംഘങ്ങളെ കുറിച്ച് കൊളംബിയയിലെ യുഎസ് എംബസി പൗരന്മാർക്കു മുന്നറിയിപ്പു നൽകിയിരുന്നു. ജന്മദിനാഘോഷത്തിന് മെഡലിനിൽ എത്തിയ യുഎസ് പൗരൻ ജെഫ് ഹെവിറ്റ് ഹോട്ടൽ മുറിയിൽ കവർച്ചക്കാരുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടിരുന്നു.
ഡേറ്റിങ് ആപ്പിലൂടെ പരിചയപ്പെട്ട സ്ത്രീയാണ് ഹെവിറ്റിനെപ്പറ്റി മോഷ്ടാക്കൾക്കു വിവരം നൽകിയത്. ലൈംഗികത്തൊഴിലാളികളെ തേടിയെത്തുന്ന വിദേശ സഞ്ചാരികളെ ആക്രമിച്ച് കവർച്ച നടത്തുന്നതും പതിവാണ്. കൊളംബിയയിലെ ലഹരിമരുന്നു സംഘങ്ങളുടെ കുറ്റകൃത്യങ്ങൾക്കു തടയിടാൻ പൊലീസിനോ സർക്കാരിനോ കഴിയുന്നില്ലെന്ന വിമർശനമുയരുന്നുണ്ട്.
