ശമ്പള വർധനവ് അനുവദിക്കണമെന്ന ആവശ്യവുമായി സാംസങ്ങിന്റെ തൊഴിലാളി യൂണിയനുകൾ. ഈ വർഷം ശരാശരി 5.4 ശതമാനം വർധനയാണ് തൊഴിലാളികൾ ആവശ്യപ്പെട്ടത്. സാംസങ്ങിന്റെ വിവിധ സ്ഥാപനങ്ങളിൽ പ്രവർത്തിക്കുന്ന 11 ലേബർ യൂണിയനുകളിലെ തൊഴിലാളാണ് ഒന്നിലധികം ആവശ്യങ്ങളുമായി രംഗത്തെത്തിയിരിക്കുന്നത്.

2023 ലെ 3.6 ശതമാനം പണപ്പെരുപ്പവും തൊഴിൽ ഉൽപാദനക്ഷമതയിൽ 1.8 ശതമാനം വർദ്ധനവും ചൂണ്ടിക്കാണിച്ചാണ് ശമ്പള വർധനവിനായി തൊഴിലാളികൾ ആവശ്യമുന്നയിച്ചിരിക്കുന്നത്. ചൊവ്വാഴ്ച നടത്തിയ പത്രസമ്മേളനത്തിലാണ് തൊഴിലാളി സംഘടന ഇക്കാര്യം അറിയിച്ചത്.
സാംസങ്ങിന്റെ അടിസ്ഥാന വേതന നിരക്ക് വർധിപ്പിക്കുക, വിരമിക്കൽ പ്രായം ഉയർത്തുക, മെച്ചപ്പെട്ട തൊഴിൽ അന്തരീക്ഷം നിലനിർത്തുന്നതിന് അഞ്ച് ദിവസത്തെ റിഫ്രഷ്മെൻ്റ് ലീവ് അനുവദിക്കുക തുടങ്ങിയവയാണ് പ്രധാനമായും തൊഴിലാളികൾ മുന്നോട്ടുവച്ചിരിക്കുന്ന ആവശ്യങ്ങൾ. ഇതിനുപുറമേ മികച്ച മൂല്യനിർണ്ണയ സംവിധാനം ഏർപ്പെടുത്താനും സംയുക്ത ലേബർ മാനേജ്മെൻ്റ് ടാസ്ക് ഫോഴ്സ് സ്ഥാപിക്കാനും കമ്പനിയോട് തൊഴിലാളികൾ അഭ്യർത്ഥിച്ചിട്ടുണ്ട്.
