ഇന്ന് ലോക വന്യജീവി ദിനം. വന്യജീവികൾക്കും അവയുടെ ആവാസ വ്യവസ്ഥയ്‌ക്കും മുൻതൂക്കം നൽകിയാണ് ഈ ദിനം ആചരിക്കുന്നത്. കേരളത്തിൽ മനുഷ്യ- വന്യജീവി സംഘർഷങ്ങൾ നിരന്തരം വാർത്തയിലെത്തുന്ന സമയത്താണ് ഈ വർഷത്തെ വന്യജീവി ദിനാചരണം നടക്കുന്നത്.

സകലജീവജാലങ്ങൾക്കും ഭൂമിയിൽ ഒരേ അവകാശമാണുള്ളതെന്നാണ് വൈക്കം മുഹമ്മദ് ബഷീറിന്റെ ‘ഭൂമിയുടെ അവകാശികൾ’ എന്ന കഥയുടെ പ്രമേയം. അത് ഇന്നത്തെ ദിനത്തിന്റെ വേരുകൾ ചൂണ്ടിക്കാട്ടുന്നു. വംശനാശ ഭീഷണി നേരിടുന്ന വന്യജീവികളെ സംരക്ഷിക്കുക, സഹജാവബോധവും സംരക്ഷണതാൽപര്യവും ജനങ്ങളിൽ വളർത്തുക തുടങ്ങിയ ലക്ഷ്യങ്ങളാണ് ലോക വന്യജീവി ദിനാചരണത്തിന് പിന്നിലുള്ളത്.
2013-ൽ ഐക്യരാഷ്‌ട്രസഭയാണ് ലോകവന്യജീവി ദിനാചരണത്തിന് തുടക്കം കുറിച്ചത്. മനുഷ്യർ ഉൾപ്പടെയുള്ള ജീവികളുടെ സുഗമമായ നിലനിപ്പിന് വനവും വന്യജീവികളും അത്യന്താപേക്ഷിതമാണെന്ന ചിന്തയിൽ നിന്നാണ് ലോക വന്യജീവി ദിനാചരണത്തിന്റെ പിറവി. വന്യജീവി സംരക്ഷണത്തിൽ ഡിജിറ്റൽ ഇന്നവേഷന്റെ സാധ്യതകൾ കണ്ടെത്തുകയെന്നതാണ് ഇത്തവണത്തെ വന്യജീവി ദിനത്തിന്റെ പ്രമേയം.
