ലണ്ടൻ ഒൻ്റാരിയോ : നഗരത്തിലെ പാർക്കിൽ ഒരാളെ മരിച്ച നിലയിൽ കണ്ടെത്തിയതിനെ തുടർന്ന് രണ്ടു പേരെ അറസ്റ്റ് ചെയ്തതായി ലണ്ടൻ ഒൻ്റാരിയോ പൊലീസ്. വെള്ളിയാഴ്ച വൈകിട്ട് ആറ് മണിയോടെ ചെക്ക്-വെൽഫെയർ അന്വേഷണവുമായി ബന്ധപ്പെട്ട് നഗരത്തിൻ്റെ കിഴക്കേ അറ്റത്തുള്ള പാർക്കിലാണ് ഒരു യുവാവിനെ മരിച്ചനിലയിൽ കണ്ടെത്തിയതെന്ന് പൊലീസ് പറയുന്നു.

തുടർന്ന് നടന്ന അന്വേഷണത്തിൽ ലണ്ടൻ ഒൻ്റാരിയോ സ്വദേശികളായ യുവാവിനെയും യുവതിയെയും അറസ്റ്റ് ചെയ്തു. 29 വയസ്സുള്ള യുവാവിനെതിരെ കൊലപാതകകുറ്റം ചുമത്തിയപ്പോൾ 30 വയസ്സുള്ള യുവതിക്കെതിരെ നരഹത്യയ്ക്ക് കേസെടുത്തിട്ടുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥർ വെളിപ്പെടുത്തി. സംഭവത്തിൽ എന്തെങ്കിലും വിവരം ലഭിക്കുന്നവർ അന്വേഷണ ഉദ്യോഗസ്ഥരുമായി ബന്ധപ്പെടണമെന്ന് ലണ്ടൻ ഒൻ്റാരിയോ പൊലീസ് വക്താവ് അഭ്യർത്ഥിച്ചു.
