അറ്റ്ലാന്റിക്: ന്യൂ ബ്രൺസ്വിക്കിൻ്റെ മുപ്പത്തിയഞ്ചാമത് പ്രീമിയറായി സൂസൻ ഹോൾട്ട് അധികാരമേറ്റു. പ്രവിശ്യയിലെ ആദ്യ വനിതാ പ്രധാനമന്ത്രിയായ ഹോൾട്ടും 18 കാബിനറ്റ് മന്ത്രിമാരും നിയമസഭയുടെ ചേംബറിൽ സത്യപ്രതിജ്ഞ ചെയ്തു. തുടർന്ന് ഫ്രെഡറിക്ടൺ കൺവെൻഷൻ സെൻ്ററിൽ സ്വീകരണ പരിപാടി നടന്നു. ഇതൊരു സ്വപ്ന സാക്ഷാത്കാരമാണെന്ന് സൂസൻ ഹോൾട്ട് മാധ്യമങ്ങളോട് പറഞ്ഞു.
ന്യൂ ബ്രൺസ്വിക്കിൽ പൊതുജനാരോഗ്യം മെച്ചപ്പെടുത്താനുതകുന്ന ഒരു സർക്കാരിനെയാണ് ജനങ്ങൾ വിഭാവനം ചെയ്തത്. ആ പ്രതീക്ഷ ഫലം കണ്ടു. ഉത്തരവാദിത്തമുള്ള ഒരു സർക്കാരിനെയാണ് തിരഞ്ഞെടുത്തിരിക്കുന്നതെന്ന് ഹോൾട്ട് വ്യക്തമാക്കി. തിരഞ്ഞെടുപ്പ് കഴിഞ്ഞ 12 ദിവസങ്ങൾ അവിശ്വസനീയമായിരുന്നുവെന്നും അവർ കൂട്ടിച്ചേർത്തു.
ഹോൾട്ട് മന്ത്രിസഭയുടെ ആദ്യ യോഗം തിങ്കളാഴ്ച ചേരും. ഒക്ടോബർ 21 ന് നടന്ന പ്രവിശ്യാ തിരഞ്ഞെടുപ്പിൽ ലിബറലുകൾ ഭൂരിപക്ഷം നേടിയിരുന്നു. ഇതോടെ 2018 ന് ശേഷം ആദ്യമായി ന്യൂ ബ്രൺസ്വിക്കിൽ പാർട്ടി അധികാരത്തിൽ തിരിച്ചെത്തി.

പ്രവിശ്യയിൽ ജീവിത ചിലവ് കുറയ്ക്കുന്നതിന്റെ ഭാഗമായി വൈദ്യുതി ബില്ലിൽ 10 % ഇളവ് വരുത്തുമെന്നും, പ്രവിശ്യയിൽ വാടക പരിധി സ്ഥാപിക്കുമെന്നും വാഗ്ദാനങ്ങളുണ്ട്. കൂടാതെ, ആരോഗ്യ മേഖല മെച്ചപ്പെടുത്തുന്നതിനായി പുതിയ പദ്ധതികൾ ആവിഷ്കരിക്കാൻ കാബിനറ്റിനെയും ആരോഗ്യ ഉപമന്ത്രിയെയും കാണുമെന്ന് ആരോഗ്യമന്ത്രി ഡോ. ജോൺ ഡോർനൻ പറഞ്ഞു.
കൺസർവേറ്റീവുകൾ ‘അമേരിക്കൻ ശൈലി’ രാഷ്ട്രീയം നടത്തിയതിനാലാണ് ലിബറലുകൾ തിരഞ്ഞെടുപ്പിൽ വിജയിച്ചതെന്ന് വിശ്വസിക്കുന്നതായി നീതിന്യായ മന്ത്രിയും അറ്റോർണി ജനറലുമായ റോബ് മക്കീ പറഞ്ഞു. അധികാരത്തിൻ്റെ കഴിഞ്ഞ ആറ് വർഷത്തിനിടയിൽ അവർ ജനങ്ങളെ അകറ്റിനിർത്തിയിരുന്നു. ന്യൂ ബ്രൺസ്വിക്ക് നിവാസികൾ ഇപ്പോൾ പ്രതീക്ഷയിലാണ്. അവരുടെ പ്രശ്നങ്ങൾ പരിഹരിക്കുന്ന ഒരു സർക്കാരിനെയാണ് ആവശ്യമെന്നും മക്കീ വ്യക്തമാക്കി.
