വൻകൂവർ : പുതുവർഷത്തിൽ പ്രവിശ്യയിലെ ഭവനപ്രതിസന്ധിക്ക് പരിഹാരമായി ഫ്ലിപ്പിങ് ടാക്സ് നടപ്പിലാക്കുമെന്ന് ബ്രിട്ടിഷ് കൊളംബിയ ഭവനമന്ത്രി രവി കഹ്‌ലോൺ. ഈ നികുതിയിൽ നിന്ന് സമാഹരിക്കുന്ന പണം ഭവന പദ്ധതികൾക്കും പുതിയ വീടുകൾ നിർമ്മിക്കാനും ഉപയോഗിക്കുമെന്നും മന്ത്രി വ്യക്തമാക്കി. ജനങ്ങൾക്ക് ചിലവ് കുറഞ്ഞ വീടുകൾ കണ്ടെത്താൻ സർക്കാർ സ്വീകരിക്കുന്ന നിരവധി നടപടികളിൽ ഒന്നാണിതെന്നും രവി കഹ്‌ലോൺ പറയുന്നു.

2025 ജനുവരി 1 മുതൽ, ഒരു വീട് വാങ്ങി വിറ്റാൽ, വിൽപ്പനയിൽ നിന്നുള്ള ലാഭത്തിന്‍റെ നിശ്ചിത ശതമാനം ഫ്ലിപ്പിങ് ടാക്സ് ആയി പ്രവിശ്യയിൽ അടയ്ക്കണം. വാങ്ങുന്ന ആദ്യ വർഷത്തിനുള്ളിൽ വിൽക്കുന്ന വീടുകൾക്ക് ലാഭത്തിൻ്റെ 20% നികുതി നൽകേണ്ടിവരുമെന്നും രണ്ടാം വർഷത്തിൽ പൂജ്യം ശതമാനമായി കുറയുമെന്നും മന്ത്രി വിശദീകരിച്ചു. അതേസമയം വിവാഹമോചനം, അസുഖം, മരണം, ജോലി സ്ഥലംമാറ്റം എന്നിവയെ തുടർന്ന് വീട് വിൽക്കുന്നവർക്ക് നികുതി ഇളവുകൾ ഉണ്ടായിരിക്കും.
