ന്യൂഡല്‍ഹി: യെമനില്‍ വധശിക്ഷയ്ക്കുവിധിക്കപ്പെട്ട് തടവില്‍ കഴിയുന്ന നിമിഷപ്രിയയുടെ മോചനത്തിനായി ഇടപെടാന്‍ തയ്യാറെന്ന് ഇറാന്‍. ഡല്‍ഹി സന്ദര്‍ശനത്തിനെത്തിയ ഇറാന്റെ മുതിര്‍ന്ന ഉദ്യോഗസ്ഥനാണ് ഇക്കാര്യത്തില്‍ പ്രതികരിച്ചത്. മാനുഷിക പരിഗണന വച്ച് സഹായിക്കാന്‍ തയ്യാറെന്നാണ് അദ്ദേഹം അറിയിച്ചത്.

നിമിഷപ്രിയയുടെ വധശിക്ഷയെക്കുറിച്ച് അറിഞ്ഞെന്നും കുടുംബത്തിന് എല്ലാവിധ സഹായവും നല്‍കുമെന്നും ഇന്ത്യന്‍ വിദേശകാര്യ വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍ നേരത്തേ മാധ്യമങ്ങളോടു പ്രതികരിച്ചിരുന്നു. നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കാന്‍ യെമന്‍ പ്രസിഡന്റ് റാഷിദ് അല്‍ അലിമി അനുമതി നല്‍കിയെന്ന വാര്‍ത്ത പുറത്തുവന്ന സാഹചര്യത്തിലാണ് കേന്ദ്രത്തിന്റെ പ്രതികരണം.
തലാല്‍ അബ്ദുമഹ്ദിയെന്ന യുവാവ് കൊല്ലപ്പെട്ട കേസില്‍ ശിക്ഷിക്കപ്പെട്ട് യെമന്‍ തലസ്ഥാനമായ സനായിലെ ജയിലില്‍ 2017 മുതല്‍ കഴിയുകയാണ് നിമിഷപ്രിയ.പാലക്കാട് ചിറ്റിലഞ്ചേരി സ്വദേശിനിയാണ്. വധശിക്ഷ ഒരു മാസത്തിനകം നടപ്പാകുമെന്നാണു വിവരം. മകളുടെ മോചനശ്രമങ്ങളുടെ ഭാഗമായി കഴിഞ്ഞ വര്‍ഷം ഏപ്രില്‍ 20നു യെമനിലേക്കു പോയ അമ്മ പ്രേമകുമാരി അവിടെ തുടരുകയാണ്. ഇതിനിടെ 2 തവണ മകളെ ജയിലില്‍ചെന്നു കാണാന്‍ സാധിച്ചു.
2015 ല്‍ സനായില്‍ തലാലിന്റെ സ്‌പോണ്‍സര്‍ഷിപ്പില്‍ നിമിഷപ്രിയ ക്ലിനിക് ആരംഭിച്ചിരുന്നു. സഹപ്രവര്‍ത്തകയുമായി ചേര്‍ന്നു തലാലിനെ വധിച്ചെന്ന കേസില്‍ 2017 ജൂലൈയിലാണു നിമിഷ അറസ്റ്റിലായത്. 2020 ല്‍ വിചാരണക്കോടതി വധശിക്ഷ വിധിച്ചു. വിധിക്കെതിരായ അപ്പീലുകള്‍ വിവിധ കോടതികള്‍ തള്ളിയിരുന്നു.
