Saturday, October 25, 2025

പെരിയ ഇരട്ടക്കൊലക്കേസ്;10പ്രതികള്‍ക്ക് ഇരട്ട ജീവപര്യന്തം,നാല് സിപിഎം പ്രവര്‍ത്തകര്‍ക്ക് അഞ്ച് വര്‍ഷം തടവ്

കൊച്ചി: കാസര്‍കോട് പെരിയയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത് ലാലും കൃപേഷും കൊല്ലപ്പെട്ട കേസില്‍ കൊലപാതകം ചുമത്തപ്പെട്ട പത്ത് പ്രതികള്‍ക്ക് ഇരട്ടജീവപര്യന്തം. ഒന്നു മുതല്‍ എട്ട് വരെയുള്ള പ്രതികള്‍ക്കും 10, 15 പ്രതികള്‍ക്കുമാണ് കോടതി ഇരട്ടജീവപര്യന്തം വിധിച്ചിരിക്കുന്നത്.

ഒന്നാം പ്രതി എ പീതാംബരന്‍ ഉള്‍പ്പടെ 10 പ്രതികള്‍ക്കെതിരെയാണ് ഇരട്ടജീവപര്യന്തം ശിക്ഷ വിധിച്ചിരിക്കുന്നത്. ഒന്നു മുതല്‍ എട്ടുവരെ പ്രതികളായ എ.പീതാംബരന്‍, സജി സി.ജോര്‍ജ്, കെ.എം.സുരേഷ്, കെ.അനില്‍കുമാര്‍ (അബു), ഗിജിന്‍, ആര്‍. ശ്രീരാഗ് (കുട്ടു), എ. അശ്വിന്‍ (അപ്പു), സുബീഷ് (മണി), പത്താം പ്രതി ടി. രഞ്ജിത്ത്(അപ്പു), 15-ാം പ്രതി എ.സുരേന്ദ്രന്‍ എന്നിവര്‍ക്കാണ് ഇരട്ടജീവപര്യന്തം വിധിച്ചത്. ആറുവര്‍ഷം നീണ്ട നിയമപോരാട്ടത്തിനും 20 മാസത്തോളം നീണ്ട വിചാരണയ്ക്കും ശേഷമാണ് ഇരട്ടക്കൊലക്കേസില്‍ വിധിവരുന്നത്.

മുന്‍ എംഎല്‍എ കെ വി കുഞ്ഞിരാമന്‍ ഉള്‍പ്പടെ നാലു പ്രതികളെ അഞ്ചുവര്‍ഷം കഠിനതടവിന് കോടതി ശിക്ഷിച്ചു. 4-ാം പ്രതി കെ. മണികണ്ഠന്‍, 20-ാം പ്രതി മുന്‍ എംഎല്‍എ കെ.വി.കുഞ്ഞിരാമന്‍, 21-ാം പ്രതി രാഘവന്‍ വെളുത്തോളി, 22-ാം പ്രതി കെ.വി. ഭാസ്‌കരന്‍ എന്നിവരെയാണ് അഞ്ച് വര്‍ഷം കഠിനതടവിന് ശിക്ഷിച്ചിരിക്കുന്നത്.

കേസില്‍ 14 പ്രതികള്‍ കുറ്റക്കാരെന്ന് എറണാകുളത്തെ സി.ബി.ഐ. പ്രത്യേകകോടതി നേരത്തെ കണ്ടെത്തിയിരുന്നു. കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്ത ഒന്നു മുതല്‍ എട്ടു വരെ പ്രതികള്‍ക്കെതിരെ കൊലക്കുറ്റം തെളിഞ്ഞതായും കോടതി കണ്ടെത്തിരുന്നു. അതേസമയം, കേസിലെ 9,11,12,13,16,17,18,19,23,24 പ്രതികളെ കുറ്റക്കാരല്ലെന്ന് കണ്ട് കോടതി വെറുതെവിട്ടിരുന്നു.

ഒന്നാം പ്രതി എ പീതാംബരന്‍ ഉള്‍പ്പടെ 10 പ്രതികള്‍ക്കെതിരെയാണ് കൊലപാതകം, ഗൂഢാലോചന, നിയമവിരുദ്ധമായി സംഘം ചേരല്‍, കലാപം സൃഷ്ടിക്കല്‍, തടഞ്ഞുവയ്ക്കല്‍ എന്നീ കുറ്റങ്ങള്‍ കണ്ടെത്തിയത്. പത്താം പ്രതി ടി. രഞ്ജിത്ത് പതിനഞ്ചാം പ്രതി എ. സുരേന്ദ്രന്‍ എന്നിവര്‍ ഈ കുറ്റങ്ങള്‍ക്കു പുറമെ തെളിവു നശിപ്പിച്ചതായും പ്രതികളെ സംരക്ഷിച്ചതായും കോടതി കണ്ടെത്തിയിരുന്നു. മുന്‍ എംഎല്‍എ കെ വി കുഞ്ഞിരാമന്‍ ഉള്‍പ്പടെ നാലു പ്രതികള്‍ക്കെതിരേ പൊലീസ് കസ്റ്റഡിയില്‍നിന്നു പ്രതിയെ കടത്തിക്കൊണ്ടുപോയെന്ന കുറ്റമാണ് ചുമത്തിയത്.

ആദ്യം ലോക്കല്‍ പോലീസും പിന്നീട് ക്രൈംബ്രാഞ്ചും ഒടുവില്‍ സി.ബി.ഐയുമാണ് കേസ് അന്വേഷിച്ചത്. ഹൊസ്ദുര്‍ഗ് കോടതിയില്‍ ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചുവെങ്കിലും തുടര്‍നടപടി തുടങ്ങുംമുന്‍പേ ഹൈക്കോടതി കേസ് സി.ബി.ഐ.ക്ക് വിടുകയായിരുന്നു. കുറ്റപത്രം സമര്‍പ്പിച്ചവേളയില്‍ കീഴ്ക്കോടതിയുടെ വിമര്‍ശനങ്ങളും ക്രൈംബ്രാഞ്ച് അന്വേഷണസംഘം ഏറ്റുവാങ്ങിയിരുന്നു. രണ്ടുവര്‍ഷത്തോളം നടന്ന വിചാരണയാണ് സി.ബി.ഐ. കോടതിയില്‍ നടന്നത്.

കല്ല്യോട്ടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായിരുന്ന കൃപേഷിനെയും ശരത്ത്ലാലിനെയും 2019 ഫെബ്രുവരി 17-നാണ് അതിക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയത്. ഏച്ചിലടുക്കം റോഡില്‍ കാറിലെത്തിയ സംഘം ഇരുവരെയും തടഞ്ഞുനിര്‍ത്തി ആക്രമിക്കുകയായിരുന്നു. ബൈക്ക് തടഞ്ഞുനിര്‍ത്തിയ അക്രമിസംഘം കൃപേഷിനെയും ശരത്ത് ലാലിനെയും അതിക്രൂരമായി വെട്ടിപ്പരിക്കേല്‍പ്പിച്ചു. കൃപേഷ് സംഭവസ്ഥലത്തുവെച്ച് തന്നെ മരിച്ചു. മംഗളൂരുവിലെ ആശുപത്രിയിലേക്കുള്ള യാത്രാമധ്യേയായിരുന്നു ശരത്ത് ലാല്‍ മരിച്ചത്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!