ലോകത്തിലെ ഏറ്റവും ഉയരംകൂടിയ റിസോർട്ട് ദുബായിൽ യാഥാർഥ്യമാകും. 200 കോടി ദിർഹത്തിന്റെ (ഏകദേശം 4742 കോടി രൂപ) പദ്ധതിക്ക് ദുബായ് കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയും ദുബായ് എക്സിക്യുട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം അംഗീകാരം നൽകി.
‘തെർമ് ദുബായ്’ എന്ന് പേരിട്ടിരിക്കുന്ന റിസോർട്ട് 2028-ൽ തുറക്കും. സബീൽ പാർക്കിൽ 100 മീറ്റർ ഉയരത്തിലാണ് റിസോർട്ട് നിർമിക്കുക. ഒരു സംവേദനാത്മക പാർക്കും ലോകത്തിലെ ഏറ്റവും വലിയ ഇൻഡോർ ബൊട്ടാണിക്കൽ ഗാർഡനും റിസോർട്ടിലുണ്ടാകും. ലോകമെമ്പാടുമുള്ള 200-ലേറെ സസ്യയിനങ്ങൾ ഉദ്യാനത്തിലുണ്ടാകും. പ്രതിവർഷം 17 ലക്ഷം സന്ദർശകരെ സ്വാഗതം ചെയ്യുകയാണ് ലക്ഷ്യം.
അഞ്ചുലക്ഷം ചതുരശ്രമീറ്റർ വിസ്തീർണത്തിലാണ് പദ്ധതി പൂർത്തിയാക്കുക. സ്വകാര്യ മേഖലയുടെ സഹകരണത്തോടെയാണ് പദ്ധതി വികസിപ്പിക്കുക. പ്രകൃതിചികിത്സാമേഖലകൾ, തെർമൽ പൂളുകൾ, ക്ഷേമത്തിനും വിശ്രമത്തിനുമായി പ്രത്യേക നിലകൾ എന്നിങ്ങനെ ലോകോത്തര സൗകര്യങ്ങളുമുണ്ടാകും. സ്റ്റാർ റസ്റ്ററന്റ്, 18 മീറ്റർ ഉയരമുള്ള മൂന്ന് വെള്ളച്ചാട്ടങ്ങൾ, 4500 ചതുരശ്രയടി വിസ്തീർണത്തിൽ ഇൻഡോർ, ടെറസ് പൂളുകൾ, 15 വാട്ടർ സ്ലൈഡുകൾ, ആർട്ട് ഇൻസ്റ്റലേഷനുകൾ തുടങ്ങിയവയാണ് മറ്റ് ആകർഷണങ്ങൾ.