ഓട്ടവ : ഫെഡറൽ ലിബറൽ നേതൃത്വ മത്സരത്തിൽ ധനസമാഹരണ രംഗത്തും ആധിപത്യം നേടി മുൻ ബാങ്ക് ഓഫ് കാനഡ ഗവർണർ മാർക്ക് കാർണി. പ്രധാന എതിരാളികളെ ബഹുദൂരം പിന്നിലാക്കി മാർക്ക് കാർണി 19 ലക്ഷം ഡോളർ സമാഹരിച്ചതായി ഇലക്ഷൻസ് കാനഡയുടെ റിപ്പോർട്ടിൽ പറയുന്നു. അദ്ദേഹത്തിൻ്റെ ഏറ്റവും അടുത്ത ധനസമാഹരണ മത്സരാർത്ഥി സമാഹരിച്ച തുകയുടെ എട്ടിരട്ടിയിലധികമാണിത്. മാർച്ച് 9-നാണ് ലിബറൽ നേതൃത്വമത്സരം.

അതേസമയം നേതൃത്വമത്സരത്തിൽ കാർണിയുടെ പ്രധാന എതിരാളി എന്ന് പരക്കെ അറിയപ്പെടുന്ന മുൻ ധനമന്ത്രി ക്രിസ്റ്റിയ ഫ്രീലാൻഡിന് ഇതുവരെ ഏകദേശം 300 ആളുകളിൽ നിന്ന് 227,000 ഡോളറിൽ താഴെ മാത്രമാണ് സമാഹരിക്കാൻ കഴിഞ്ഞിട്ടുള്ളത്. മുൻ ലിബറൽ ഹൗസ് ലീഡർ കരീന ഗൗൾഡ് ഏകദേശം 236,000 ഡോളർ സമാഹരിച്ചപ്പോൾ വ്യവസായി ഫ്രാങ്ക് ബെയ്‌ലിസ് 59 ആളുകളിൽ നിന്ന് 227,000 ഡോളറിലധികം സമാഹരിച്ചു. 115,000 ഡോളർ സമാഹരിച്ച റൂബി ധല്ലയാണ് അവസാനസ്ഥാനത്ത്.