ബാരി : കഴിഞ്ഞ വെള്ളിയാഴ്ച ഒൻ്റാരിയോ അലിസ്റ്റണിന് സമീപം ന്യൂ ടെകംസെത്തിൽ ഉണ്ടായ വാഹനാപകടത്തിൽ ഒരു യുവതി അടക്കം മൂന്ന് പേർ മരിച്ചു. വെള്ളിയാഴ്ച രാവിലെ ആറു മണിയോടെ ആലിസ്റ്റണിനടുത്ത് ടോട്ടൻഹാം റോഡിൽ പാസഞ്ചർ വാഹനവും പിക്ക്-അപ്പ് ട്രക്കും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.

ഇരുദിശകളിൽ നിന്നും എത്തിയ വാഹനങ്ങൾ കൂട്ടിയിടിക്കുകയായിരുന്നു. പാസഞ്ചർ വാഹനത്തിൻ്റെ ഡ്രൈവർ, ബ്രാംപ്ടണിൽ നിന്നുള്ള 25 വയസ്സുള്ള യുവാവ് സംഭവസ്ഥലത്ത് തന്നെ മരിച്ചതായി ഒൻ്റാരിയോ പ്രൊവിൻഷ്യൽ പൊലീസ് അറിയിച്ചു. അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലിരുന്ന ബ്രാംപ്ടൺ സ്വദേശികളായ 25 വയസ്സുള്ള യുവതിയും 23 വയസ്സുള്ള യുവാവും പിന്നീട് മരിച്ചതായി പൊലീസ് സ്ഥിരീകരിച്ചു. മൂവരും പാസഞ്ചർ വാഹനത്തിൽ സഞ്ചരിച്ചിരുന്നവരാണ്. പിക്കപ്പ് ട്രക്ക് ഡ്രൈവർക്ക് കാര്യമായ പരുക്കില്ല. അപകടത്തിന്‍റെ കാരണം വ്യക്തമല്ല. അന്വേഷണം പുരോഗമിക്കുന്നു.