വാഷിങ്ടൺ : മെക്സിക്കോയിൽ നിന്നും കാനഡയിൽ നിന്നുമുള്ള ഇറക്കുമതികൾക്കുള്ള താരിഫുകൾ മാർച്ച് 4 മുതൽ പ്രാബല്യത്തിൽ വരുമെന്ന് യു എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഷെഡ്യൂൾ ചെയ്ത പ്രകാരം താരിഫുകളുമായി തങ്ങൾ കൃത്യസമയത്ത് മുന്നോട്ട് പോകുമെന്നും വൈറ്റ് ഹൗസിൽ നടന്ന വാർത്താ സമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു. 30 ദിവസത്തേക്ക് നീട്ടി വച്ചിരുന്ന താരിഫ് നിലവിൽ വരുന്നതോടെ ഇരു രാജ്യങ്ങളിൽ നിന്നുള്ള ഏകദേശം 91850 കോടി ഡോളർ യുഎസ് ചരക്ക് ഇറക്കുമതിയെ അത് ബാധിക്കും. അതിർത്തിയിൽ പുതിയ സുരക്ഷാ നടപടികൾ ഏർപ്പെടുത്താൻ കാനഡ സമ്മതിച്ചതിനെത്തുടർന്നാണ് കാനഡയുടെ എല്ലാ ഇറക്കുമതികൾക്കും 25% തീരുവ ഏർപ്പെടുത്താനുള്ള ട്രംപിന്റെ എക്സിക്യൂട്ടീവ് ഉത്തരവ് 30 ദിവസത്തേക്ക് നീട്ടിയത്.

അടുത്ത ആഴ്ച മുതൽ തീരുവ ഏർപ്പെടുത്തുമെന്ന ട്രംപിന്റെ പ്രഖ്യാപനത്തിനു പിന്നാലെ എസ് & പി 500 ൽ 0.5% ഇടിവ് രേഖപ്പെടുത്തി. അതേസമയം, അമേരിക്കൻ വ്യവസായങ്ങളും തൊഴിലുകളും സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടിയാണ് താരിഫ് ഏർപ്പെടുത്തുന്നതെന്ന് ട്രംപ് ന്യായീകരിച്ചു. എന്നാൽ, താരിഫുകൾ കാനഡയെയും മെക്സിക്കോയെയും മാന്ദ്യത്തിലേക്ക് തള്ളിവിടുമെന്ന് സാമ്പത്തിക വിദഗ്ദർ മുന്നറിയിപ്പ് നൽകുന്നു. ട്രംപ് ഭരണകൂടത്തിന്റെ വിശാലമായ വ്യാപാര അജണ്ടയുടെ ഭാഗമാണ് താരിഫുകൾ. സ്റ്റീൽ, അലുമിനിയം ഇറക്കുമതികളെയും ഫാർമസ്യൂട്ടിക്കൽസ്, ഓട്ടോമൊബൈൽസ്, സെമികണ്ടക്ടറുകൾ തുടങ്ങിയ വ്യവസായങ്ങളെയും യു എസ് ലക്ഷ്യമിടുന്നു.