റെജൈന : പ്രവിശ്യയിൽ ഇലക്ട്രിക് വാഹനങ്ങൾ രജിസ്റ്റർ ചെയ്യുന്നതിനുള്ള ഫീസ് ഇരട്ടിയാകുമെന്ന് സസ്കാച്വാൻ സർക്കാർ പ്രഖ്യാപിച്ചു. ഓരോ വാഹനത്തിനും 150 ഡോളറിൽ നിന്ന് 300 ഡോളറായി ആയിരിക്കും ഫീസ് വർധിപ്പിക്കുക. ഫീസ് വർധിപ്പിക്കുന്നതിലൂടെ ലഭിക്കുന്ന തുക പ്രവിശ്യയിലെ റോഡുകളുടെ അറ്റകുറ്റപ്പണികൾക്കായി വിനിയോഗിക്കും. പെട്രോൾ-ഡീസൽ വാഹന ഉടമകൾ നൽകുന്ന പ്രവിശ്യ ഇന്ധന നികുതി വൈദ്യുത വാഹന ഉടമകളും നൽകുന്നുണ്ടെന്ന് ഉറപ്പാക്കാൻ ഫീസ് വർധനയിലൂടെ സാധിക്കുമെന്ന് സർക്കാർ പറയുന്നു.

കൂടാതെ പാർക്ക് അഡ്മിനിസ്ട്രേറ്റീവ് ഫീസ്, ബിൽഡിങ് പെർമിറ്റ് ഫീസ് എന്നിവയും പ്രവിശ്യ വർധിപ്പിക്കും. ഒപ്പം 14.5 മുതൽ 16 ശതമാനം വരെ ആൽക്കഹോൾ അടങ്ങിയ വൈനുകളുടെ മൊത്തവ്യാപാര മദ്യത്തിൻ്റെ മാർക്ക്-അപ്പുകളും പ്രവിശ്യ കുറയ്ക്കും. ഇതിലൂടെ ചില്ലറ വ്യാപാരികൾക്ക് 226,000 ഡോളർ വരെ ലാഭിക്കുവാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു.