ഓട്ടവ : ഡ്രൈവിങ്ങിനിടെ ഡോറുകൾ തനിയെ തുറന്നു പോകുന്നതായി കണ്ടെത്തിയ ലാൻഡ് റോവർ വാഹനങ്ങൾ തിരിച്ചു വിളിച്ചു. ഈ വാഹനങ്ങളുടെ ഡോറുകൾ അടച്ചാലും ശരിയായി ലോക്ക് വീഴില്ലെന്നും ട്രാൻസ്‌പോർട്ട് കാനഡ പറയുന്നു. തൽഫലമായി, വാഹനമോടുമ്പോൾ വാതിലുകൾ പെട്ടെന്ന് തുറക്കുന്നതിലൂടെ അപകടസാധ്യത വർധിക്കുന്നതായി ഫെഡറൽ ഏജൻസി അറിയിച്ചു. 2016 മോഡൽ ലാൻഡ് റോവർ റേഞ്ച് റോവർ, റേഞ്ച് റോവർ സ്‌പോർട് എന്നീ വാഹനങ്ങളാണ് തിരിച്ചു വിളിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

കാനഡയിൽ 3,018 വാഹനങ്ങൾ തിരിച്ചുവിളിച്ചിട്ടുണ്ട്. അടുത്തിടെ, 2013, 2014, 2015 മോഡൽ ലാൻഡ് റോവർ റേഞ്ച് റോവർ, 2014, 2015 മോഡൽ ലാൻഡ് റോവർ റേഞ്ച് റോവർ സ്‌പോർട് എന്നിവ ഇതേ പ്രശ്‌നത്തെ തുടർന്ന് തിരിച്ചു വിളിച്ചിരുന്നു. ഇത് കാനഡയിലെ 6,119 വാഹനങ്ങളെ ബാധിച്ചു. ഈ വാഹനങ്ങളുടെ ഉടമകൾ യൂണിലാച്ച് കീലെസ് വെഹിക്കിൾ സോഫ്‌റ്റ്‌വെയർ അപ്‌ഡേറ്റ് ചെയ്യുന്നതിനായി കമ്പനിയുമായി ബന്ധപ്പെടണം. ഡീലർ പരിശോധിച്ച് വാഹനത്തിന്‍റെ ഇടത്-മുന്നിലും പിൻവശത്തും ഡോർ ലാച്ചുകൾ മാറ്റിസ്ഥാപിക്കും, ട്രാൻസ്‌പോർട്ട് കാനഡ അറിയിച്ചു.