വാഷിംഗ്ടൺ : യുഎസ് കപ്പലുകളും വിമാനങ്ങളും ഡ്രോണുകളും ആക്രമിക്കുന്ന യെമനിലെ ഹൂതി ഭീകരർക്കെതിരെ പടയൊരുക്കം പ്രഖ്യാപിച്ച് യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. ഭീകരർക്കെതിരെ നിർണായകവും ശക്തവുമായ സൈനിക നടപടി ആരംഭിക്കാൻ യുണൈറ്റഡ് സ്റ്റേറ്റ്സ് മിലിട്ടറിയോട് ഉത്തരവിട്ടതായി അദ്ദേഹം അറിയിച്ചു.

സൂയസ് കനാൽ, ചെങ്കടൽ, ഏദൻ ഉൾക്കടൽ എന്നിവയിലൂടെ യുഎസ് കൊമേഴ്സ്യൽ കപ്പൽ സുരക്ഷിതമായി സഞ്ചരിച്ചിട്ട് ഒരു വർഷത്തിലേറെയായതായി ട്രംപ് പറയുന്നു. ഹൂതി ഭീകരർക്കെതിരെക്കെതിരെയുള്ള മുൻ പ്രസിഡൻ്റ് ജോ ബൈഡൻ്റെ നടപടികൾ ദുർബലമായിരുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. നാലുമാസം മുമ്പ് ചെങ്കടലിലൂടെ പോയ അവസാന അമേരിക്കൻ യുദ്ധക്കപ്പലിനെതിരെ ഒരു ഡസനിലധികം തവണയാണ് ഹൂതികളുടെ ആക്രമണം നേരിട്ടത്. ഇറാൻ ധനസഹായത്തോടെ, ഹൂതി ഭീകരർ യുഎസ് വിമാനങ്ങൾക്ക് നേരെയും ആക്രമണം നടത്തിയിട്ടുണ്ട്. ഈ ആക്രമണങ്ങളിലൂടെ യുഎസിനും ലോക സമ്പദ്‌വ്യവസ്ഥയ്ക്കും കോടിക്കണക്കിന് ഡോളറിന്‍റെ നഷ്ടം ഉണ്ടായിട്ടുണ്ടെന്നും ഡോണൾഡ് ട്രംപ് അറിയിച്ചു. ഹൂതി ഭീകരർക്കെതിരെ സഹായിക്കുന്ന നടപടിയിൽ നിന്നും ഇറാൻ പിന്മാറണമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

അമേരിക്കൻ ഷിപ്പിങ്, വ്യോമ, നാവിക സേനകളെ സംരക്ഷിക്കുന്നതിനും നാവിഗേഷൻ സ്വാതന്ത്ര്യം പുനഃസ്ഥാപിക്കുന്നതിനുമായി സൈനികർ ഇപ്പോൾ തീവ്രവാദികളുടെ താവളങ്ങളിൽ വ്യോമാക്രമണം ആരംഭിച്ചിട്ടുണ്ട്. ലോകത്തിലെ ജലപാതകളിലൂടെ സ്വതന്ത്രമായി സഞ്ചരിക്കുന്നതിൽ നിന്ന് ഒരു തീവ്രവാദ ശക്തിക്കും അമേരിക്കൻ വാണിജ്യ, നാവിക കപ്പലുകളെ തടയാനാവില്ലെന്നും പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് പറഞ്ഞു.