ഓട്ടവ : ടെസ്‌ലയ്‌ക്കെതിരെ കാനഡയിലുടനീളം പ്രതിഷേധം ശക്തമാകുന്നു. യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപുമായി അടുത്ത് പ്രവർത്തിക്കുന്ന, സിഇഒ ഇലോൺ മസ്‌കിൻ്റെ നടപടികളിൽ ഇലക്ട്രിക് കാർ കമ്പനിയെ ബഹിഷ്‌കരിക്കണമെന്ന് ആവശ്യപ്പെട്ട് ‘ടെസ്‌ല ടേക്ക്‌ഡൗൺ’ പ്രതിഷേധത്തിന്‍റെ ഭാഗമാണിത്. കാനഡയിലുടനീളമുള്ള നഗരങ്ങളിൽ സംഘടിപ്പിക്കുന്ന ഒന്നിലധികം പ്രതിഷേധങ്ങൾ ഉൾപ്പെടെ, ലോകമെമ്പാടുമുള്ള ടെസ്‌ല ഷോറൂമുകളിൽ, ഗ്ലോബൽ ഡേ ഓഫ് ആക്ഷൻ എന്ന നൂറുകണക്കിന് പ്രതിഷേധപ്രകടനങ്ങളാണ് പ്രതീക്ഷിക്കുന്നത്.

ഓട്ടവ, മൺട്രിയോൾ, സാസ്കറ്റൂൺ, വിനിപെഗ്, ഹാലിഫാക്സ് എന്നീ കനേഡിയൻ നഗരങ്ങളിലും വാരാന്ത്യത്തിൽ ബ്രിട്ടിഷ് കൊളംബിയയിലെ ലോവർ മെയിൻലാൻഡിലും പ്രതിഷേധ പ്രകടനങ്ങൾ നടത്തുമെന്ന് സംഘാടകർ പറയുന്നു. ആളുകൾ അവരുടെ ടെസ്‌ല വാഹനങ്ങൾ വിൽക്കണമെന്നും കമ്പനിയുടെ സ്റ്റോക്കുകൾ ഒഴിവാക്കണമെന്നും പ്രകടനക്കാർ പറയുന്നു. ജനുവരി 20-ന് ട്രംപ് അധികാരമേറ്റതിന് ശേഷം ടെസ്‌ല ഷോറൂമുകളിലും ചാർജിങ് സ്റ്റേഷനുകളിലും വിദ്വേഷം നിറഞ്ഞ വാക്കുകളും ചിഹ്നങ്ങളും പെയിന്റ് ചെയ്യുകയും കാറുകൾ തകർക്കുകയും ചെയ്ത സംഭവങ്ങൾ ഉണ്ടായി. കാനഡയിൽ മാത്രം ഇത്തരത്തിലുള്ള 28 ടെസ്‌ല വിരുദ്ധ സംഭവങ്ങൾ അരങ്ങേറിയിട്ടുണ്ട്. കൂടാതെ കാനഡ-യുഎസ് താരിഫ് യുദ്ധത്തിന്‍റെ പശ്ചാത്തലത്തിൽ നിരവധി കനേഡിയൻ പ്രവിശ്യകൾ തങ്ങളുടെ EV റിബേറ്റ് പ്രോഗ്രാമിൽ നിന്ന് ടെസ്‌ലയെ ഒഴിവാക്കിയിട്ടുണ്ട്. കൂടാതെ ഈ മാസം ആദ്യം, സുരക്ഷാ ആശങ്കയെ തുടർന്ന് ടെസ്‌ലയെ നിരോധിച്ചതായി വൻകൂവർ ഇൻ്റർനാഷണൽ ഓട്ടോ ഷോ സംഘാടകർ അറിയിച്ചിരുന്നു.