ടൊറൻ്റോ : പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടാൽ ആദ്യ രണ്ട് വർഷത്തിനുള്ളിൽ രാജ്യത്തെ എല്ലാ റെഡ് ടേപ്പുകളുടെയും 25% ഇല്ലാതാക്കുമെന്ന് കൺസർവേറ്റീവ് ലീഡർ പിയേർ പൊളിയേവ്. നികുതിദായകരുടെയും വ്യാപാര സ്ഥാപനങ്ങളുടെയും മേലുള്ള ഭരണപരമായ ഭാരം ഇത് ലഘൂകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ബ്രിട്ടിഷ് കൊളംബിയയിൽ ഫെഡറൽ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അതേസമയം, 2030 ആകുമ്പോഴേക്കും എല്ലാ കനേഡിയൻ പൗരന്മാർക്കും ഒരു കുടുംബ ഡോക്ടർ ഉണ്ടായിരിക്കുമെന്ന് എൻഡിപി നേതാവ് ജഗ്മീത് സിങ് വാഗ്ദാനം ചെയ്തു. കുടുംബ ഡോക്ടറും പ്രാഥമിക പരിചരണവും ഉറപ്പാക്കുന്ന പ്രവിശ്യകൾക്ക് കാനഡ ഹെൽത്ത് ട്രാൻസ്ഫർ ഫണ്ടിങ് 1% വർധിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. സിങ് ഇന്ന് ഉച്ചകഴിഞ്ഞ് ഹാലിഫാക്സിലെ പ്രചാരണ പരിപാടിയിൽ പങ്കെടുക്കും. ലിബറൽ ലീഡർ മാർക്ക് കാർണിയുടെ പ്രചാരണം ഇന്ന് ടൊറൻ്റോയിലാണ്. അതിന് മുൻപ്, ഒൻ്റാരിയോയിലെ ഓക്ക്‌വില്ലിൽ ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയും മാധ്യമങ്ങളെ കാണുകയും ചെയ്യും.

ഏപ്രിൽ 28-ന് കാനഡക്കാർ പോളിങ് ബൂത്തിലേക്ക് പോകാനിരിക്കെ, കൺസർവേറ്റീവുകളെക്കാൾ ലിബറലുകൾ മുന്നിലാണെന്ന് അടുത്തിടെ പുറത്തു വന്ന വിവിധ സർവേ ഫലങ്ങൾ സൂചിപ്പിക്കുന്നു.
