ഓട്ടവ : ഫെഡറൽ തിരഞ്ഞെടുപ്പ് സംവാദങ്ങളിൽ പങ്കെടുക്കാനുള്ള ഗ്രീൻ പാർട്ടി ഓഫ് കാനഡയുടെ ക്ഷണം റദ്ദാക്കിയതായി ലീഡേഴ്സ് ഡിബേറ്റ് കമ്മീഷൻ. തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാർത്ഥികളുടെ എണ്ണം പാർട്ടി മനഃപൂർവ്വം കുറച്ചതിനാലാണ് തീരുമാനമെന്നും കമ്മീഷൻ പറയുന്നു.

മൺട്രിയോളിലെ മൈസൺ ഡി റേഡിയോ-കാനഡയിൽ രണ്ട് ദിവസങ്ങളിലായി നടക്കുന്ന സംവാദങ്ങളിൽ ഒന്ന്, ഏപ്രിൽ 16-ന് രാത്രി 8 മണിക്ക് ഫ്രഞ്ച് ഭാഷയിൽ നടക്കും. ഏപ്രിൽ 17-ന് വൈകുന്നേരം 7 മണിക്കാണ് ഇംഗ്ലീഷ് ഭാഷാ സംവാദം. അതേസമയം, ലീഡേഴ്സ് ഡിബേറ്റ്സ് കമ്മീഷൻ നിശ്ചയിച്ചിട്ടുള്ള മൂന്നിൽ രണ്ട് മാനദണ്ഡങ്ങൾ പാലിക്കുന്ന സ്ഥാനാർത്ഥികൾക്കാണ് സംവാദത്തിൽ പങ്കെടുക്കാൻ സാധിക്കുക. ഒന്നാമതായി, തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച തീയതിയിൽ പാർട്ടിക്ക് ഒരു തിരഞ്ഞെടുക്കപ്പെട്ട എംപി ഉണ്ടായിരിക്കണം. രണ്ടാമതായി, പൊതുതിരഞ്ഞെടുപ്പിന് നാല് ആഴ്ച മുമ്പ്, ദേശീയ പൊതുജനാഭിപ്രായ സർവേയുടെ അടിസ്ഥാനത്തിൽ, പാർട്ടിക്ക് നാല് ശതമാനം പിന്തുണ ലഭിക്കണം. അവസാനമായി, പൊതുതിരഞ്ഞെടുപ്പിന് നാല് ആഴ്ച മുമ്പ്, 90% ഫെഡറൽ റൈഡിങ്ങുകളിലും പാർട്ടി, സ്ഥാനാർത്ഥികളെ അംഗീകരിച്ചിരിക്കണം. മൂന്നിൽ രണ്ട് മാനദണ്ഡങ്ങൾ പാലിക്കുക എന്നത് ഈ വർഷം നിലവിൽ വന്ന പുതിയ പരിധിയാണ്. കഴിഞ്ഞ ഫെഡറൽ തിരഞ്ഞെടുപ്പ് നടന്ന 2021-ൽ, പാർട്ടികൾക്ക് മൂന്നിൽ ഒന്ന് നിബന്ധനകൾ മാത്രമേ പാലിക്കേണ്ടിയിരുന്നുള്ളൂ.