Thursday, March 12, 2026

ബിസി ഫെറിയിൽ തീപിടുത്തം: വിഷ പുക പടരുന്നു, മിഷൻ നിവാസികൾക്ക് ജാഗ്രതാ നിർദ്ദേശം

വൻകൂവർ : ബ്രിട്ടിഷ് കൊളംബിയയിലെ മിഷനു സമീപമുള്ള ഫ്രേസർ നദിയിൽ നങ്കൂരമിട്ടിരുന്ന പഴയ ബിസി ഫെറീസ് കപ്പലിന് തീപിടിച്ചതായി സിറ്റി ഓഫ് മിഷൻ റിപ്പോർട്ട് ചെയ്തു. വിഷ പുക വായുവിൽ പടർന്നതോടെ നഗരത്തിൽ ഷെൽട്ടർ-ഇൻ-പ്ലേസ് മുന്നറിയിപ്പ് നൽകിയതായും സിറ്റി അറിയിച്ചു. രണ്ട് പതിറ്റാണ്ടിലേറെയായി ഈ പ്രദേശത്ത് നങ്കൂരമിട്ടിരിക്കുന്ന, പ്രവർത്തനം നിർത്തിവച്ച ബിസി ഫെറീസ് കപ്പലായ ക്വീൻ ഓഫ് സിഡ്നിയിൽ പുലർച്ചെ 2 മണിയോടെയാണ് തീപിടുത്തമുണ്ടായത്.

കപ്പലിന് കുറുകെ തീജ്വാലകൾ പടരുന്നതും അതിൽ നിന്ന് കട്ടിയുള്ള പുക പുറത്തേക്ക് വ്യാപിക്കുന്നതായും പ്രദേശത്ത് നിന്നുമുള്ള ചിത്രങ്ങൾ കാണിക്കുന്നു. ചെസ്റ്റർ സ്ട്രീറ്റിനും 287 സ്ട്രീറ്റിനും ഇടയിലുള്ള പ്രദേശത്തെ താമസക്കാർ, പുകയുടെയും വായുവിലൂടെയുള്ള അപകടകരമായ വസ്തുക്കളുടെയും സാന്നിധ്യത്തിന്‍റെ സാധ്യത കാരണം സുരക്ഷിതരായിരിക്കണമെന്ന് സിറ്റി ഓഫ് മിഷൻ നിർദ്ദേശിച്ചു. ബാധിത പ്രദേശങ്ങളിലുള്ളവർ വീടിനുള്ളിൽ തന്നെ കഴിയുക, ജനാലകളും വാതിലുകളും അടച്ചിടുക, പുറത്തു നിന്ന് വായു വലിച്ചെടുക്കുന്ന വെൻ്റിലേഷൻ സംവിധാനങ്ങൾ ഓഫ് ചെയ്യുക, നദിക്ക് സമീപമുള്ള പ്രദേശത്തേക്കുള്ള സന്ദർശനം ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ഒഴിവാക്കുക തുടങ്ങിയ മുന്നറിയിപ്പുകളും സിറ്റി ഓഫ് മിഷൻ നൽകിയിട്ടുണ്ട്. തീപിടിത്തത്തിന്‍റെ കാരണം ഇതുവരെ കണ്ടെത്തിയിട്ടില്ല. മിഷൻ ഫയർ റെസ്‌ക്യൂ സർവീസ്, പ്രവിശ്യാ, ഫെഡറൽ പരിസ്ഥിതി മന്ത്രാലയങ്ങൾ, കനേഡിയൻ കോസ്റ്റ് ഗാർഡ് എന്നിവരുമായി സഹകരിച്ച് ആർ‌സി‌എം‌പിയുടെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!