ടൊറൻ്റോ : മുൻ കാബിനറ്റ് മന്ത്രി ഖാലീദ് റഷീദിനെതിരായ ഗ്രീൻബെൽറ്റുമായി ബന്ധപ്പെട്ട അന്വേഷണം ഒൻ്റാരിയോ ഇന്‍റഗ്രിറ്റി കമ്മീഷണർ അവസാനിപ്പിച്ചു. റഷീദ്, പ്രീമിയർ ഡഗ് ഫോർഡിന്‍റെ അന്നത്തെ പ്രിൻസിപ്പൽ സെക്രട്ടറി അമിൻ മസൂദി, ഗ്രീൻബെൽറ്റിൽ നിന്ന് ഭവന നിർമ്മാണത്തിനായി ഭൂമി നീക്കം ചെയ്യാനുള്ള പദ്ധതിയിൽ നിന്ന് പ്രയോജനം ലഭിക്കാൻ സാധ്യതയുള്ള ഡെവലപ്പർ ഷാക്കിർ റഹ്മത്തുള്ള എന്നിവർ ഉൾപ്പെടുന്ന 2020-ലെ ലാസ് വേഗസ് യാത്ര പരിശോധിക്കാൻ എൻഡിപി ലീഡർ മാരിറ്റ് സ്റ്റൈൽസ് 2023 ഒക്ടോബറിൽ കമ്മീഷണറോട് ആവശ്യപ്പെട്ടിരുന്നു.

തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുമ്പോൾ ഇത്തരത്തിലുള്ള ഏത് അന്വേഷണവും താൽക്കാലികമായി നിർത്തിവയ്ക്കാറുണ്ടെന്ന് ഒൻ്റാരിയോ ഇന്‍റഗ്രിറ്റി കമ്മീഷണർ കാതറിൻ മദർവെല്ലിന്‍റെ വക്താവ് പറയുന്നു. തിരഞ്ഞെടുപ്പ് കഴിഞ്ഞ് 30 ദിവസത്തിനുള്ളിൽ അന്വേഷണം പുനഃരാരംഭിക്കാൻ അപേക്ഷകൻ ആവശ്യപ്പെട്ടാൽ അന്വേഷണം പുനരാരംഭിക്കാം. എന്നാൽ, അങ്ങനെ അന്വേഷണം ആരംഭിക്കാൻ അപേക്ഷകൻ ആവശ്യപ്പെട്ടിട്ടില്ലെന്നും വക്താവ് അറിയിച്ചു.
