വിനിപെഗ് : പ്രവിശ്യയിലുടനീളം കാട്ടുതീ പടരുന്നതിനാൽ, വിനിപെഗ് ഉൾപ്പെടെയുള്ള മാനിറ്റോബ നഗരങ്ങളിൽ വായുമലിനീകരണം രൂക്ഷമായതായി റിപ്പോർട്ട്. അടുത്ത കുറച്ചു ദിവസത്തേക്ക് പുകപടലങ്ങൾ നിറഞ്ഞ് അന്തരീക്ഷ മലിനീകരണം രൂക്ഷമാകുമെന്നും വിസിബിലിറ്റി കുറയുമെന്നും എൻവയൺമെൻ്റ് ആൻഡ് ക്ലൈമറ്റ് ചേഞ്ച് കാനഡ (ECCC) മുന്നറിയിപ്പ് നൽകി.

വിനിപെഗിലും എമേഴ്‌സൺ മുതൽ ലിറ്റിൽ ഗ്രാൻഡ് റാപ്പിഡ്‌സ് വരെയുള്ള കിഴക്കൻ, തെക്കുകിഴക്കൻ മാനിറ്റോബയുടെ മിക്ക ഭാഗങ്ങളിലും ഈ മുന്നറിയിപ്പ് ബാധകമാണ്. കെനോറ, ഡ്രൈഡൻ, ഫോർട്ട് ഫ്രാൻസെസ്, അറ്റിക്കോക്കൻ തുടങ്ങിയ പ്രദേശങ്ങളിലും കാട്ടുതീ പുക പടർന്നിട്ടുണ്ട്. കാട്ടുതീപുക പ്രായഭേദമില്ലാതെ എല്ലാവരുടെയും ആരോഗ്യത്തെ ബാധിക്കുമെന്ന് ECCC പറഞ്ഞു. കാട്ടുതീ പുക ശ്വസിക്കുന്നവരിൽ കണ്ണ്, മൂക്ക്, തൊണ്ടയിൽ അസ്വസ്ഥത, തലവേദന, ചുമ തുടങ്ങിയ ലക്ഷണങ്ങൾ കണ്ടുവരുന്നു. പുക ഏറ്റവും കൂടുതൽ ബാധിക്കപ്പെടാൻ സാധ്യതയുള്ളവർ 65 വയസ്സിനു മുകളിലുള്ളവർ, ശിശുക്കൾ, കുട്ടികൾ, ഗർഭിണികൾ, നിലവിൽ ആരോഗ്യപ്രശ്നങ്ങൾ ഉള്ളവർ എന്നിവരെയാണ്. പുറത്തിറങ്ങുന്നവർ നിർബന്ധമായും മാസ്ക് ധരിക്കണമെന്ന് കാലാവസ്ഥാ ഏജൻസി നിർദ്ദേശിച്ചു.