ഓട്ടവ : കാനഡയിലെ കുടുംബങ്ങൾ അടുത്ത കാനഡ ചൈൽഡ് ബെനിഫിറ്റ് (CCB) പേയ്മെൻ്റിനായി തയ്യാറെടുക്കുകയാണ്. കനേഡിയൻ കുടുംബങ്ങൾക്ക് സാമ്പത്തിക സഹായമേകുന്ന കാനഡ ചൈൽഡ് ബെനിഫിറ്റ് മെയ് 20 ചൊവാഴ്ച ലഭ്യമാകും. 18 വയസ്സിന് താഴെയുള്ള കുട്ടികളെ വളർത്തുന്നതിനുള്ള, അർഹരായ കുടുംബങ്ങൾക്ക് നൽകുന്ന നികുതി രഹിത പ്രതിമാസ പേയ്മെൻ്റാണ് കാനഡ ചൈൽഡ് ബെനിഫിറ്റ്. അപേക്ഷകരുടെ വരുമാനവും കുട്ടികളുടെ പ്രായവും അനുസരിച്ചായിരിക്കും തുക അനുവദിക്കുക. മാതാപിതാക്കളുടെയും രക്ഷിതാക്കളുടെയും സാമ്പത്തിക സമ്മർദ്ദങ്ങൾ ലഘൂകരിക്കാൻ ഭക്ഷണം, കുട്ടികളുടെ സംരക്ഷണം, വസ്ത്രം, വിദ്യാഭ്യാസം തുടങ്ങിയ അവശ്യ ചെലവുകൾ വഹിക്കാൻ CRA നിയന്ത്രിക്കുന്ന CCB സഹായിക്കുന്നു.

യോഗ്യരായ ഓരോ കനേഡിയൻ കുടുംബങ്ങൾക്കും അവർക്കു ലഭിക്കുന്ന ചൈൽഡ് ബെനിഫിറ്റ് പേയ്മെൻ്റ് തുക കുടുംബത്തിന്റെ അറ്റാദായം, യോഗ്യരായ കുട്ടികളുടെ എണ്ണം, അവരുടെ പ്രായം എന്നിവയെ ആശ്രയിച്ചിരിക്കുന്നു. 2024 ജൂലൈ മുതൽ 2025 ജൂൺ വരെയുള്ള ആനുകൂല്യ കാലയളവിൽ ആറ് വയസ്സിന് താഴെയുള്ള കുട്ടികൾക്കുള്ള പരമാവധി വാർഷിക ആനുകൂല്യം ഇപ്പോൾ ഒരു കുട്ടിക്ക് 7,787 ഡോളർ ആണ്. അതേസമയം ആറ് മുതൽ 17 വയസ്സ് വരെ പ്രായമുള്ള കുട്ടികൾക്ക് പരമാവധി ആനുകൂല്യം ഒരു കുട്ടിക്ക് 6,570 ഡോളർ ആയിരിക്കും ലഭിക്കുക.
കുട്ടിയുടെ പ്രായം, രക്ഷിതാവിൻ്റെ റസിഡൻസി സ്റ്റാറ്റസ്, കുടുംബത്തിൻ്റെ വരുമാനം എന്നിവ ഉൾപ്പെടെ നിരവധി ഘടകങ്ങളെ അടിസ്ഥാനമാക്കിയാണ് സിസിബിയുടെ യോഗ്യത നിർണ്ണയിക്കുന്നത്. 18 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് കാനഡ ചൈൽഡ് ബെനിഫിറ്റ് ലഭിക്കും. കുട്ടിക്ക് 18 വയസ്സ് തികയുന്ന മാസം വരെ പേയ്മെൻ്റുകൾ ലഭിക്കുന്നത് തുടരും. ജൂൺ 20, ജൂലൈ 18, ഓഗസ്റ്റ് 20, സെപ്റ്റംബർ 19, ഒക്ടോബർ 20, നവംബർ 20, ഡിസംബർ 12 എന്നീ തീയതികളായിരിക്കും അടുത്ത ചൈൽഡ് ബെനിഫിറ്റ് പേയ്മെൻ്റ് വിതരണം ചെയ്യുക.

അതേസമയം വർധിച്ചു വരുന്ന പണപ്പെരുപ്പത്തെ നേരിടാൻ, ചൈൽഡ് ബെനിഫിറ്റ് പേയ്മെൻ്റ് തുക ജൂലൈയിൽ 2.7% വർധിക്കും. ഇതോടെ 6 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് പരമാവധി CCB പേയ്മെൻ്റ് 666 ഡോളറായും 6 മുതൽ 17 വയസ്സ് വരെ പ്രായമുള്ളവർക്ക് 562 ഡോളറായും ഉയരും. കൂടാതെ ജനുവരി മുതൽ, ഒരു കുട്ടിയുടെ മരണശേഷം ആറ് മാസത്തേക്ക് കുടുംബങ്ങൾക്ക് CCB പേയ്മെന്റുകൾ ലഭിക്കുന്നുണ്ട്.