ഷാർലെറ്റ്ടൗൺ : കഴിഞ്ഞ ആഴ്ച, പ്രിൻസ് എഡ്വേഡ് ഐലൻഡ് പ്രൊവിൻഷ്യൽ നോമിനി പ്രോഗ്രാം (PEI PNP) വഴി സ്ഥിരതാമസത്തിനായി അപേക്ഷിക്കാൻ 168 ഉദ്യോഗാർത്ഥികൾക്ക് ഇൻവിറ്റേഷൻ നൽകി. 2025-ൽ PNP നടത്തുന്ന അഞ്ചാമത്തെ നറുക്കെടുപ്പായിരുന്നു ഇത്. പ്രിൻസ് എഡ്വേഡ് ഐലൻഡിലെ സാമ്പത്തിക ആഘാതത്തെ അടിസ്ഥാനമാക്കി ഹെൽത്ത് കെയർ, ട്രേഡ്, മാന്യുഫാക്ചറിങ് തുടങ്ങിയ ഉയർന്ന ഡിമാൻഡ് ഉള്ള മേഖലകളിലെ സ്കിൽഡ് വർക്കേഴ്സിനാണ് ഈ നറുക്കെടുപ്പിൽ ഇൻവിറ്റേഷൻ നൽകിയത്. അതേസമയം വിൽപ്പന, സേവന മേഖലകളിൽ പ്രവർത്തിക്കുന്നവർക്ക് ഇൻവിറ്റേഷൻ ലഭിക്കില്ലെന്നും പ്രവിശ്യ വ്യക്തമാക്കിയിട്ടുണ്ട്.

മറ്റ് മിക്ക പ്രവിശ്യകളെയും പോലെ, പ്രിൻസ് എഡ്വേഡ് ഐലൻഡിന്റെ നാമനിർദ്ദേശ വിഹിതം 2025-ൽ പകുതിയായി കുറച്ചു. 2025-ൽ പ്രവിശ്യയ്ക്ക് ആകെ 1,025 പേരെ ഇൻവിറ്റേഷൻ ചെയ്യാനാണ് അനുവാദമുള്ളത്. ഈ വർഷം ഇതുവരെ നടന്ന പ്രൊവിൻഷ്യൽ നോമിനി പ്രോഗ്രാം നറുക്കെടുപ്പുകൾ വഴി 569 പേർക്ക് ഇൻവിറ്റേഷൻ നൽകിയിട്ടുണ്ട്. ഈ വർഷം നടന്ന എല്ലാ നറുക്കെടുപ്പുകളും ലേബർ മാർക്കറ്റ് വിഭാഗത്തിൽ നിന്നും PEI എക്സ്പ്രസ് എൻട്രി സ്ട്രീമുകളിൽ നിന്നുമാണ്.