ഓട്ടവ : കരാർ ചർച്ച പുനഃരാരംഭിച്ചതിന് പിന്നാലെ പോസ്റ്റൽ ജീവനക്കാർക്ക് അന്തിമ ഓഫർ നൽകി കാനഡ പോസ്റ്റ്. പുതിയ കരാർ ഓഫറിൽ 1,000 ഡോളർ വരെ സൈനിങ് ബോണസ്, മെച്ചപ്പെട്ട ജീവിതച്ചെലവ് അലവൻസുകൾ, നിർബന്ധിത ഓവർടൈം അവസാനിപ്പിക്കൽ എന്നിവ ഉൾപ്പെടുന്നുവെന്ന് ക്രൗൺ കോർപ്പറേഷൻ അറിയിച്ചു. എന്നാൽ, ഏകദേശം 55,000 പോസ്റ്റൽ ജീവനക്കാരെ പ്രതിനിധീകരിക്കുന്ന കനേഡിയൻ യൂണിയൻ ഓഫ് പോസ്റ്റൽ വർക്കേഴ്സും (CUPW) കാനഡ പോസ്റ്റും തമ്മിലുള്ള ചർച്ചയിലെ പ്രധാന തടസ്സമായ നാല് വർഷത്തിനുള്ളിൽ ഏകദേശം 14% വേതന വർധന, വാരാന്ത്യ ഡെലിവറിക്ക് പാർട്ട് ടൈം ജീവനക്കാരെ നിയമിക്കാനുള്ള പദ്ധതി തുടങ്ങിയവ മാറ്റമില്ലാതെ തുടരുന്നു.

അതേസമയം കഴിഞ്ഞ ആഴ്ച പാഴ്സലുകളുടെ എണ്ണം കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 65% കുറഞ്ഞതായി തപാൽ സർവീസ് അറിയിച്ചു. തപാൽ ജീവനക്കാരുടെ ഓവർടൈം നിരോധനം പ്രാബല്യത്തിൽ വന്നതോടെ രാജ്യത്തുടനീളം തപാൽ വിതരണത്തിൽ കാലതാമസം നേരിടുന്നുണ്ട്. തപാലുകളുടെ എണ്ണം ഇടിഞ്ഞതോടെ കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ഭാവിയെക്കുറിച്ച് ആശങ്ക ഉയരുന്നുണ്ട്. കൂടാതെ 2018 മുതലുള്ള കാനഡ പോസ്റ്റിന്റെ നഷ്ടം 400 കോടി ഡോളറായി വർധിച്ചു. ജനുവരിയിൽ ഫെഡറൽ സർക്കാർ അനുവദിച്ച 100 കോടി ഡോളർ ഫെഡറൽ വായ്പയിലാണ് കാനഡ പോസ്റ്റ് പിടിച്ചുനിൽക്കുന്നത്.

കാനഡ പോസ്റ്റ് സാമ്പത്തിക പ്രതിസന്ധി നേരിടുന്നതായി ഫെഡറൽ സർക്കാർ നിയോഗിച്ച കമ്മീഷൻ നേരത്തെ കണ്ടെത്തിയിരുന്നു. പ്രതിദിന ഡോർ-ടു-ഡോർ ഡെലിവറി നിർത്തലാക്കണമെന്നും, തപാൽ വിതരണക്കാരുടെ റൂട്ടുകൾ ദിവസേന മാറുന്ന പുതിയ സംവിധാനം നടപ്പിലാക്കണമെന്നും ഈ കമ്മീഷൻ ശുപാർശ ചെയ്തിട്ടുണ്ട്.