ടൊറൻ്റോ : നഗരത്തിലെ ഒരു പാർക്കിൽ നടന്ന കത്തിക്കുത്തിൽ രണ്ടു കൗമാരക്കാർക്ക് കുത്തേറ്റതായി ടൊറൻ്റോ പൊലീസ് അറിയിച്ചു. വെള്ളിയാഴ്ച വൈകുന്നേരം ഏഴരയോടെ സ്കാർബ്റോയിലെ ബ്ലഫേഴ്‌സ് പാർക്കിലാണ് സംഭവം. കേസിൽ രണ്ടു പേരെ അറസ്റ്റ് ചെയ്തതായി പൊലീസ് റിപ്പോർട്ട് ചെയ്തു.

വിവരമറിഞ്ഞ് സംഭവസ്ഥലത്ത് എത്തിയ അന്വേഷണ ഉദ്യോഗസ്ഥർ കുത്തേറ്റ നിലയിൽ രണ്ടു കൗമാരക്കാരെ കണ്ടെത്തി. ഇരുവരെയും ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവസ്ഥലത്ത് നിന്നും രണ്ട് പേരെ കസ്റ്റഡിയിലെടുത്തു. മൂന്നാമത്തെ പ്രതി ഒളിവിലാണെന്ന് പൊലീസ് പറയുന്നു. കസ്റ്റഡിയിലുള്ള പ്രതികളുടെ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. കൂടാതെ മൂന്നാമത്തെ പ്രതിയെക്കുറിച്ചുള്ള വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല. അന്വേഷണം പുരോഗമിക്കുന്നു. ഈ സംഭവത്തെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ അന്വേഷണ ഉദ്യോഗസ്ഥരുമായി ബന്ധപ്പെടണമെന്ന് ടൊറൻ്റോ പൊലീസ് അഭ്യർത്ഥിച്ചു.
