ടൊറൻ്റോ : സാൽമൊണെല്ല മലിനീകരണ സാധ്യതയുള്ളതിനാൽ 3 തരം സലാമികൾ തിരിച്ചുവിളിച്ചതായി കനേഡിയൻ ഫുഡ് ഇൻസ്പെക്ഷൻ ഏജൻസി (CFIA) അറിയിച്ചു. റിയ ബ്രാൻഡ് ജെനോവ സലാമി സ്വീറ്റ്, ജെനോവ സലാമി ഹോട്ട്, മൈൽഡ് ജെനോവ സലാമി ബൈ ബോണ എന്നിവയാണ് തിരിച്ചു വിളിയിൽ ഉൾപ്പെട്ടത്. ഒൻ്റാരിയോ, മാനിറ്റോബ, ആൽബർട്ട എന്നിവിടങ്ങളിലെ വിവിധ സ്റ്റോറുകളിലാണ് ഈ ഉൽപ്പന്നങ്ങൾ വിറ്റഴിച്ചത്.
ഈ സലാമികൾ ലേബലോ കോഡിംഗോ ഉള്ളതോ അല്ലാതെയോ ഡെലി കൗണ്ടറുകൾ മുഖേന വിറ്റതായിരിക്കാമെന്ന് ഏജൻസി പറയുന്നു. തിരിച്ചുവിളിച്ച ഉൽപ്പന്നം കൈവശമുള്ള ഉപഭോക്താക്കൾ അത് ഉപേക്ഷിക്കുകയോ വാങ്ങിയ സ്റ്റോറിൽ തിരികെ നൽകുകയോ ചെയ്യണമെന്ന് CFIA നിർദ്ദേശിക്കുന്നു.

സാൽമൊണെല്ല കലർന്ന ഭക്ഷണം കേടായതായി അനുഭവപ്പെടുകയോ ചീത്ത മണം ഉണ്ടാവുകയോ ഇല്ല. എന്നാൽ, കൊച്ചുകുട്ടികൾ, ഗർഭിണികൾ, പ്രായമായവർ, രോഗപ്രതിരോധശേഷി കുറഞ്ഞവർ എന്നിവർക്ക് ഗുരുതരവും ചിലപ്പോൾ മാരകവുമായ അണുബാധകൾക്ക് കാരണമാകുമെന്ന് ഏജൻസി മുന്നറിയിപ്പ് നൽകി. കൂടാതെ മറ്റ് വ്യക്തികളിൽ പനി, തലവേദന, ഛർദ്ദി, ഓക്കാനം, വയറുവേദന, വയറിളക്കം എന്നിവയ്ക്കും ഇത് കാരണമാകും.
