ബ്രാംപ്ടൺ : ഭവനരഹിതരുടെ ക്യാമ്പുകൾ ഒഴിപ്പിക്കാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് കൂടുതൽ അധികാരം നൽകുന്ന ഒൻ്റാരിയോ സർക്കാർ തീരുമാനത്തെ സ്വാഗതം ചെയ്ത് ബ്രാംപ്ടൺ മേയർ പാട്രിക് ബ്രൗൺ. ഭവനരഹിതരുടെ ക്യാമ്പുകൾ ഒഴിപ്പിക്കാൻ ഒൻ്റാരിയോ സർക്കാർ, ബിൽ 6 (സുരക്ഷിത മുനിസിപ്പാലിറ്റീസ് ആക്ട്) പാസാക്കിയിരുന്നു. പുതിയ നിയമപ്രകാരം പൊതുസ്ഥലത്ത് അതിക്രമിച്ചു കടക്കുകയോ മയക്കുമരുന്ന് ഉപയോഗിക്കുകയോ ചെയ്താൽ 10,000 ഡോളർ വരെ പിഴയോ ആറ് മാസം തടവോ ശിക്ഷ ലഭിക്കും.

2024 അവസാനത്തിൽ, ഭവനരഹിതരുടെ ക്യാമ്പുകൾ കൈകാര്യം ചെയ്യാൻ സഹായം അഭ്യർത്ഥിച്ച് പ്രവിശ്യയിലെ 12 മേയർമാർ പ്രീമിയർ ഡഗ് ഫോർഡിന് കത്തുകൾ അയച്ചിരുന്നു. പൊതുസ്ഥലത്തെ മയക്കുമരുന്ന് ഉപയോഗം കുറയ്ക്കുന്നതിന് ഈ നിയമം ആവശ്യമാണെന്ന് മേയർ പാട്രിക് ബ്രൗൺ പറയുന്നു. ബിൽ 6 നടപ്പിലാക്കുന്നതിന് മുമ്പ് തന്നെ, ബ്രാംപ്ടൺ സിറ്റി പൊതുസ്ഥലങ്ങൾ ഒഴിപ്പിക്കുന്നതിന് സ്വകാര്യ സുരക്ഷാ ഉദ്യോഗസ്ഥരെ നിയമിക്കുകയും രാത്രികാല ക്യാമ്പിങ് നിരോധിക്കുന്ന ബോർഡുകൾ സ്ഥാപിക്കുകയും ചെയ്തിരുന്നു.