ടൊറൻ്റോ : നഗരത്തിൽ ചൂട് പിടിമുറുക്കുന്നു. ബുധനാഴ്ച രാവിലെ താപനില 20 ഡിഗ്രി സെൽഷ്യസിൽ എത്തിയിട്ടുണ്ട്. ഇത് ഇനിയും ഉയരുമെന്ന് എൻവയൺമെൻ്റ് കാനഡ മുന്നറിയിപ്പ് നൽകി. താപനില ഉയരുന്നതും ഈർപ്പം വർധിക്കുന്നതും പകൽ സമയത്ത് ശക്തമായ ഇടിമിന്നലിന് അനുയോജ്യമായ സാഹചര്യങ്ങൾ സൃഷ്ടിക്കുന്നതായും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പിൽ പറയുന്നു.

ഇന്ന് ഉച്ചകഴിഞ്ഞ് താപനില 28 ഡിഗ്രി സെൽഷ്യസിൽ എത്തും. ഇതിനൊപ്പം ഈർപ്പവും കൂടിച്ചേരുമ്പോൾ താപനില 37 ഡിഗ്രി സെൽഷ്യസിൽ കൂടുതലായി അനുഭവപ്പെടും. ഉച്ചകഴിഞ്ഞ് രണ്ടു മണിയോടെ മഴ പെയ്യാൻ സാധ്യതയുണ്ട്. കൂടാതെ ഉച്ചകഴിഞ്ഞ് നഗരത്തിൽ ഇടിമിന്നലുണ്ടാകാനുള്ള സാധ്യത കൂടുതലാണ്. വൈകുന്നേരത്തോടെ, ഇടിമിന്നലിനുള്ള സാധ്യത 60 ശതമാനമായി വർധിക്കുകയും രാത്രിയിൽ താപനില 19 ഡിഗ്രി സെൽഷ്യസായി കുറയുമെന്നും കാലാവസ്ഥാ ഏജൻസി അറിയിച്ചു.

വ്യാഴാഴ്ച ടൊറൻ്റോയിൽ താപനില താൽക്കാലികമായി കുറയും. പകൽ സമയത്തെ ഉയർന്ന താപനില 24 ഡിഗ്രി സെൽഷ്യസും മേഘാവൃതമായ ആകാശവും ആയിരിക്കും. എന്നാൽ, ഈർപ്പം മൂലം 29 ഡിഗ്രി സെൽഷ്യസിൽ കൂടുതലായി അനുഭവപ്പെടും. വെള്ളിയാഴ്ച വർഷത്തിലെ ഏറ്റവും മനോഹരമായ ദിവസങ്ങളിൽ ഒന്നായി മാറും. പകൽ സമയത്ത് 26 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്ന താപനിലയും ഉണ്ടാകുമെന്ന് കാലാവസ്ഥാ പ്രവചനം കാണിക്കുന്നു.