കാൽഗറി : ആൽബർട്ടയിലെ ബാൻഫ് നാഷണൽ പാർക്കിലെ ബോ ഗ്ലേസിയർ ഫോൾസിൽ പാറയിടിഞ്ഞു വീണ് ഒരാൾ മരിച്ചതായി ആർസിഎംപി റിപ്പോർട്ട് ചെയ്തു. നിരവധിയാളുകൾക്ക് പരുക്കേറ്റതായും അധികൃതർ അറിയിച്ചു. ഐസ്ഫീൽഡ്സ് പാർക്ക്വേയിലെ (ഹൈവേ 93 നോർത്ത്) ലേക്ക് ലൂയിസിൽ നിന്ന് ഏകദേശം 37 കിലോമീറ്റർ അകലെ വ്യാഴാഴ്ച ഉച്ചകഴിഞ്ഞാണ് സംഭവം.

ബാൻഫ്, ജാസ്പർ നാഷണൽ പാർക്കുകളിൽ നിന്നുള്ള പാർക്ക്സ് കാനഡ വിസിറ്റേഴ്സ് സേഫ്റ്റി ടീം മറ്റ് ഏജൻസികളുടെ സഹായത്തോടെ രക്ഷാപ്രവർത്തനം നടത്തുന്നതായി പാർക്ക്സ് കാനഡ അറിയിച്ചു. സംഭവത്തെ തുടർന്ന് പ്രദേശത്ത് ഗതാഗത തടസം പ്രതീക്ഷിക്കുന്നതായി പാർക്ക്സ് കാനഡ മുന്നറിയിപ്പ് നൽകി. രക്ഷാപ്രവർത്തനത്തിന്റെ ഭാഗമായി ബോ ലേക്കിന് സമീപമുള്ള ഹൈവേ 93N (ഐസ്ഫീൽഡ്സ് പാർക്ക്വേ) താൽക്കാലികമായി അടച്ചിടുമെന്ന് ലേക്ക് ലൂയിസ് യോഹോ കൂട്ടെനെ ഫീൽഡ് യൂണിറ്റ് പറഞ്ഞു. മറ്റ് വിവരങ്ങളൊന്നും ലഭ്യമല്ല.