ബ്രാംപ്ടൺ : നഗരത്തിൽ നടന്ന വെടിവെപ്പിൽ 30 വയസ്സുള്ള യുവാവ് കൊല്ലപ്പെട്ടു. വെള്ളിയാഴ്ച വൈകുന്നേരം 5:45 ഓടെ, കെന്നഡി റോഡിന് സമീപം റഥർഫോർഡ് റോഡ് സൗത്തിലെ ഇൻഡസ്ട്രിയൽ മേഖലയിലെ വർക്ക് ഷോപ്പിന് സമീപമാണ് സംഭവം.

വിവരമറിഞ്ഞ് സംഭവസ്ഥലത്ത് എത്തിയ അന്വേഷണ ഉദ്യോഗസ്ഥർ വെടിയേറ്റ് ഗുരുതരമായ പരുക്കുകളോടെ യുവാവിനെ കണ്ടെത്തി. ഇയാളെ ഗുരുതരാവസ്ഥയിൽ ട്രോമ സെന്ററിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് മരിച്ചതായി സ്ഥിരീകരിച്ചു. യുവാവിനെ ലക്ഷ്യമിട്ടുള്ള വെടിവെപ്പായിരുന്നു നടന്നതെന്ന് അന്വേഷണ ഉദ്യോഗസ്ഥർ വെളിപ്പെടുത്തി. സംഭവശേഷം പ്രതികൾ ഒരു വാഹനത്തിൽ രക്ഷപ്പെട്ടതായി പൊലീസ് റിപ്പോർട്ട് ചെയ്തു. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.

കഴിഞ്ഞ ഒക്ടോബറിൽ, ഈ പ്രദേശത്തെ വ്യാപാര സ്ഥാപനത്തിൽ നടന്ന നാല് വെടിവെപ്പിൽ ഒരു യുവതി മരിക്കുകയും മൂന്നു പേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു. വ്യാപാര സ്ഥാപനത്തിന് സമീപം നിർത്തിയിട്ടിരുന്ന ഒരു വാഹനത്തിന് നേരെ മറ്റൊരു വാഹനത്തിൽ എത്തിയ പ്രതികൾ വെടിയുതിർക്കുകയായിരുന്നു. ഈ സംഭവങ്ങളും തമ്മിൽ ഏതെങ്കിലും തരത്തിൽ ബന്ധമുണ്ടോ അന്വേഷിക്കുന്നതായി പീൽ പൊലീസ് അറിയിച്ചു.