എഡ്മിന്റൻ : ആൽബർട്ട വിഘടനവാദത്തെക്കുറിച്ചുള്ള റഫറണ്ടമാകുമെന്ന് പ്രതീക്ഷിക്കുന്ന മൂന്ന് റൈഡിങ്ങുകളിലെ ഉപതിരഞ്ഞെടുപ്പുകൾ ജൂൺ 23 തിങ്കളാഴ്ച നടക്കും. എഡ്മിന്റൻ-സ്ട്രാത്കോണ, എഡ്മിന്റൻ-എല്ലേർസ്ലി, ഓൾഡ്സ്-ഡിഡ്സ്ബറി-ത്രീ ഹിൽസ് എന്നീ റൈഡിങ്ങുകളിലാണ് വോട്ടെടുപ്പ് നടക്കുക. ആൽബർട്ട എൻഡിപി ലീഡർ നഹീദ് നെൻഷി ഉൾപ്പെടെ നിരവധി പ്രമുഖരാണ് ഉപതിരഞ്ഞെടുപ്പിൽ മത്സരരംഗത്തുള്ളത്.

മുൻ പ്രീമിയർ റേച്ചൽ നോട്ട്ലി കഴിഞ്ഞ വർഷം അവസാനം രാജിവെച്ചതിനെ തുടർന്ന് ഒഴിഞ്ഞുകിടക്കുന്ന എഡ്മിന്റൻ-സ്ട്രാത്കോണ റൈഡിങ്ങിലാണ് നഹീദ് നൻഷി ജനവിധി തേടുന്നത്. ഓൾഡ്സ്-ഡിഡ്സ്ബറി-ത്രീ ഹിൽസ് റൈഡിങ്ങിൽ പ്രവിശ്യയിലെ പ്രധാന പാർട്ടികൾക്ക് പുറമെ, വിഘടനവാദി സ്ഥാനാർത്ഥിയും ആൽബർട്ട റിപ്പബ്ലിക്കൻ പാർട്ടി നേതാവുമായ കാം ഡേവിസും മത്സരിക്കുന്നുണ്ട്. മുൻ നിയമസഭാ സ്പീക്കർ നഥാൻ കൂപ്പർ വാഷിങ്ടൺ ഡിസിയിലെ ആൽബർട്ട പ്രതിനിധിയായി ചുമതലയേറ്റതിനെ തുടർന്നാണ് ഈ സീറ്റിൽ മത്സരത്തിന് കളമൊരുങ്ങിയത്. അതേസമയം, ഏപ്രിലിൽ നടന്ന ഫെഡറൽ തിരഞ്ഞെടുപ്പിൽ ലിബറലുകൾക്ക് മത്സരിക്കാനായി, മൂന്ന് തവണ എൻഡിപി അംഗമായ റോഡ് ലോയോള രാജിവെച്ചതിനെ തുടർന്നാണ് എഡ്മിന്റൻ-എല്ലേർസ്ലി റൈഡിങ്ങിൽ ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്.

ഈ ഉപതിരഞ്ഞെടുപ്പുകളുടെ ഫലം ഡാനിയേൽ സ്മിത്ത് സർക്കാരിന് ഭീഷണിയാകില്ലെങ്കിലും ആൽബർട്ട വിഘടനവാദം ഉയർത്തുന്നവർക്കെതിരെയുള്ള മുന്നറിയിപ്പ് തിരഞ്ഞെടുപ്പ് ഫലത്തിലൂടെ നൽകാനാവുമെന്ന് നഹീദ് നൻഷി പറയുന്നു.