ബ്രസ്സൽസ് : പുതിയ യുഗത്തിന് തുടക്കം കുറിച്ച് ബ്രസ്സൽസിൽ നടന്ന സംയുക്ത ഉച്ചകോടിയിൽ സുരക്ഷാ, പ്രതിരോധ പങ്കാളിത്ത കരാറിൽ ഒപ്പുവച്ച് കാനഡ-യൂറോപ്യൻ യൂണിയൻ. കരാറിന്‍റെ നിബന്ധനകൾ പ്രകാരം, കാനഡയും EU-വും ഉന്നത ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി വാർഷിക സുരക്ഷാ, പ്രതിരോധ ചർച്ച നടത്തും. യുക്രെയ്‌നിനെ പിന്തുണച്ച് സഹകരണം വികസിപ്പിക്കുന്നതിനും, യൂറോപ്പിൽ കനേഡിയൻ സൈനിക മൊബിലിറ്റി മെച്ചപ്പെടുത്തുന്നതിനും, ഇന്തോ-പസഫിക് പോലുള്ള “പരസ്പര താൽപ്പര്യമുള്ള” മേഖലകളിൽ സമുദ്ര സഹകരണം വര്ധിപ്പിക്കുന്നതും കരാറിൽ ഉൾപ്പെടുന്നു. കൂടാതെ സൈബർ സുരക്ഷ, വിദേശ ഇടപെടൽ, തെറ്റായ വിവരങ്ങൾ, ബഹിരാകാശ നയം എന്നിവയിലെ ഉയർന്നുവരുന്ന വിഷയങ്ങളിൽ കൂടുതൽ സഹകരണം ഉറപ്പാക്കാനും സുരക്ഷാ, പ്രതിരോധ കരാർ വാഗ്ദാനം ചെയ്യുന്നു.

കാനഡ അമേരിക്കയെ ആശ്രയിക്കുന്നത് കുറയ്ക്കാൻ ശ്രമിക്കുന്നതിനാൽ പ്രതിരോധ സംഭരണത്തിനായി കൂടുതൽ മാർഗ്ഗങ്ങൾ തേടിയാണ് കാനഡ-ഇയു ഉച്ചകോടിക്കായി പ്രധാനമന്ത്രി മാർക്ക് കാർണി ബ്രസ്സൽസിലെത്തിയത്. അന്തിമ കരാർ ഒപ്പിടുന്നതിന് മുമ്പ്, ഉച്ചകോടിയിൽ യൂറോപ്യൻ കൗൺസിൽ പ്രസിഡൻ്റ് അന്റോണിയോ കോസ്റ്റയുമായും യൂറോപ്യൻ കമ്മീഷൻ പ്രസിഡൻ്റ് ഉർസുല വോൺ ഡെർ ലെയ്‌നുമായും കാർണി കൂടിക്കാഴ്ച നടത്തി. കാനഡയുമായുള്ള സൗഹൃദവും പങ്കാളിത്തവും പുനഃസ്ഥാപിക്കുക മാത്രമല്ല, അത് പുനർനിർമ്മിക്കാനും EU ആഗ്രഹിക്കുന്നുവെന്നും ഇരു നേതാക്കളും പറഞ്ഞു. ചൊവ്വാഴ്ച, നാറ്റോ ഉച്ചകോടിക്കായി കാർണി നെതർലൻഡ്‌സിലെ ഹേഗിലേക്ക് യാത്ര തിരിക്കും.