ടെൽ അവീവ്: ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു തൻ്റെ രാഷ്ട്രീയ നിലനിൽപ്പിനായി ഗാസക്കെതിരായ യുദ്ധം നീട്ടിക്കൊണ്ടുപോകുകയാണെന്ന് ഇസ്രയേലി ഡെപ്യൂട്ടി ചീഫ് ഓഫ് സ്റ്റാഫും ഡെമോക്രാറ്റിക് പാർട്ടിയുടെ തലവനുമായ യെയർ ഗോലാൻ. വെടിനിർത്തൽ കരാർ ശ്രമങ്ങളെ അട്ടിമറിക്കാൻ ശ്രമിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചതായി ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തു. “നെതന്യാഹു, സ്മോട്രിച്ച്, ബെൻ ഗ്വിർ എന്നിവർ കരാർ വീണ്ടും വീണ്ടും അട്ടിമറിക്കുകയാണ്” എന്ന് തടവുകാരെ കൈമാറ്റം ചെയ്യുന്നതിനെക്കുറിച്ചുള്ള ചർച്ചകളെ പരാമർശിച്ച് എക്‌സിലെ പ്രസ്താവനയിൽ ഗോലാൻ എഴുതി. തീവ്ര വലതുപക്ഷ നേതൃത്വം സൈനികരുടെയും തടവുകാരുടെയും ജീവനേക്കാൾ അവരുടെ രാഷ്ട്രീയ നിലപാടുകൾക്ക് മുൻഗണന നൽകുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

തീവ്ര വലതുപക്ഷ ധനമന്ത്രി ബെസലേൽ സ്മോട്രിച്ചിന്റെ ഭീഷണിയെത്തുടർന്ന് കുറഞ്ഞത് 30 ബന്ദികളുടെ മോചനം ഉറപ്പാക്കാമായിരുന്ന ഗാസ വെടിനിർത്തൽ കരാർ നെതന്യാഹു ഉപേക്ഷിച്ചതായി റിപ്പോർട്ടിൽ പറയുന്നു. കൂടാതെ, ദേശീയ സുരക്ഷാ മന്ത്രി ഇറ്റാമർ ബെൻ ഗ്വിറിന്റെ എതിർപ്പ് കാരണം ഗാസ യുദ്ധം അവസാനിപ്പിക്കണമെന്ന വ്യവസ്ഥയിൽ ഇസ്രയേൽ-സൗദി സാധാരണവൽക്കരണം ഉറപ്പാക്കാനുള്ള വൈറ്റ് ഹൗസിൻ്റെ ശ്രമത്തെയും നെതന്യാഹു തടസ്സപ്പെടുത്തിയതായും ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് വ്യക്തമാക്കുന്നു.
