വൻകൂവർ : യോഗ്യരായ കെട്ടിട ഉടമകൾക്കും വാടകക്കാർക്കുമായി ഹീറ്റ് പമ്പ് ഇൻസെൻ്റീവ് പ്രോഗ്രാം ആരംഭിച്ച് ബ്രിട്ടിഷ് കൊളംബിയ സർക്കാർ. ഊർജ്ജ ഉപഭോഗം കുറയ്ക്കുന്നതിനും യൂട്ടിലിറ്റി ബില്ലുകൾ കുറയ്ക്കുന്നതിനും ലക്ഷ്യമിട്ടുള്ള ഈ പദ്ധതി പ്രകാരം മൾട്ടി-യൂണിറ്റ് റെസിഡൻഷ്യൽ കെട്ടിടങ്ങളിൽ താമസിക്കുന്ന വരുമാന യോഗ്യതയുള്ള താമസക്കാർക്ക് 5,000 ഡോളർ വരെ ലഭിക്കുമെന്ന് പ്രവിശ്യാ ഊർജ്ജ, കാലാവസ്ഥാ പരിഹാര മന്ത്രാലയം അറിയിച്ചു.

കാലാവസ്ഥാ വ്യതിയാനത്തിനെതിരെ പോരാടാനും, വൈദ്യുതി ഉപയോഗം കുറയ്ക്കാനും, ചൂടുള്ള കാലാവസ്ഥയിൽ അപ്പാർട്ടുമെൻ്റുകളിലും കോണ്ടോകളിലും താമസിക്കുന്നവർക്ക് തണുപ്പ് നിലനിർത്താനും ഈ പദ്ധതി സഹായിക്കുമെന്ന് സർക്കാർ പറയുന്നു. റിബേറ്റ് പ്രോഗ്രാം രണ്ട് ഘട്ടങ്ങളായാണ് ആരംഭിക്കുന്നത്. ആദ്യഘട്ടം ജൂലൈ 15-ന് ആരംഭിച്ചു. രണ്ടാം ഘട്ടം 2025 ശരത്കാലത്ത് ആരംഭിക്കുമെന്ന് മന്ത്രാലയം പറയുന്നു. ആദ്യഘട്ടത്തിൽ വൈദ്യുത ഹീറ്റർ ഉപയോഗിക്കുന്ന കോണ്ടോകളുടെയും ആറ് നില വരെ ഉയരമുള്ള അപ്പാർട്ട്മെൻ്റ് കെട്ടിടങ്ങളുടെയും ഉടമകൾക്ക് റിബേറ്റ് പ്രോഗ്രാം ലഭ്യമാകും. ശരത്കാലത്തോടെ, ഗ്യാസ് ഉപയോഗിച്ച് ചൂടാക്കുന്ന കെട്ടിടങ്ങളിലേക്ക് പ്രോഗ്രാം വ്യാപിപ്പിക്കും. സ്യൂട്ടുകൾക്ക് റിബേറ്റ് ലഭിക്കാൻ താമസക്കാർ അവരുടെ ഭൂവുടമകളിൽ നിന്നോ സ്ട്രാറ്റ കോർപ്പറേഷനുകളിൽ നിന്നോ അനുമതി ലഭിക്കണം.
