വിനിപെഗ് : ആളുകളുടെ ഭക്ഷണ രീതികളെയും വിശപ്പിനെയും ശരീരഭാരത്തെയും മരുന്നുകൾ എങ്ങനെ സ്വാധീനിക്കുന്നു എന്ന് പഠിക്കാനൊരുങ്ങി മാനിറ്റോബ യൂണിവേഴ്സിറ്റി ഗവേഷകർ. ഒസെംപിക്, വെഗോവി തുടങ്ങിയ മരുന്നുകളുടെ സ്വാധീനത്തെക്കുറിച്ചാവും പഠനം. പ്രമേഹ നിയന്ത്രണത്തിനായി ആദ്യം ഉപയോഗിച്ചിരുന്ന ഈ മരുന്നുകൾ, ശരീരഭാരം കുറയ്ക്കുന്നതിനുള്ള മരുന്നുകളെന്ന നിലയിൽ ഇപ്പോൾ വലിയ പ്രചാരം നേടിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് നീക്കം.

മരുന്നുകളുടെ വിപണനം വ്യക്തികളുടെ ആരോഗ്യപരമായ തിരഞ്ഞെടുപ്പുകളിലും ജീവിതശൈലിയിലും വരുത്തുന്ന മാറ്റങ്ങളെക്കുറിച്ച് കൂടുതൽ പഠനം ഉൾക്കാഴ്ച നൽകുമെന്ന് പ്രതീക്ഷിക്കുന്നതായി യൂണിവേഴ്സിറ്റി ഫുഡ് ആൻഡ് ന്യൂട്രിഷനൽ സയൻസസ് വിഭാഗത്തിലെ നതാലി റീഡിഗർ പറയുന്നു. ഇത്തരം മരുന്നുകളുടെ ഉപയോഗം കൂടുന്നത് ‘ഫാർമസ്യൂട്ടിക്കലൈസേഷൻ’ എന്ന പ്രവണതയുടെ ഭാഗമാണെന്നും അവർ കൂട്ടിച്ചേർത്തു.

ആരോഗ്യവും രോഗാവസ്ഥകളും മരുന്നുകളിലൂടെ കൂടുതലായി കൈകാര്യം ചെയ്യപ്പെടുന്ന രീതിയെയാണ് ‘ഫാർമസ്യൂട്ടിക്കലൈസേഷൻ’ എന്ന് വിശേഷിപ്പിക്കുന്നത്.
