ടൊറൻ്റോ : ഇനി ക്രിക്കറ്റ് ആരവങ്ങൾക്ക് ചെവിയോർക്കാം. ഒൻ്റാരിയോയിലെ ഏറ്റവും വലിയ ക്രിക്കറ്റ് ടൂര്‍ണമെൻ്റിന് ഹാമില്‍ട്ടണ്‍ വേദിയാകുന്നു. ഹാമില്‍ട്ടണ്‍ സൂപ്പര്‍ കിങ്സിന്‍റെ ആഭിമുഖ്യത്തിൽ മൂന്ന് ദിവസം നീളുന്ന ക്രിക്കറ്റ് ഹംഗാമ- 2025-ന് ഓഗസ്റ്റ് 2 ശനിയാഴ്ച തുടക്കമാകും. ഓഗസ്റ്റ് 2 മുതൽ 4 വരെ ഹാമില്‍ട്ടണ്‍ മലയാളി സമാജം മൈതാനത്ത് നടക്കുന്ന ടൂര്‍ണമെൻ്റിൽ മൂന്ന് വിഭാഗങ്ങളിലായി 28 ടീമുകള്‍ പങ്കെടുക്കും. എവര്‍ റോളിങ് ട്രോഫികളും പതിനായിരത്തോളം ഡോളറുമാണ് വിജയികളെ കാത്തിരിക്കുന്നത്.

സൂപ്പര്‍കപ്പിനായുള്ള പുരുഷവിഭാഗം ടൂര്‍ണമെൻ്റില്‍ വിജയികള്‍ക്ക് ട്രോഫിക്ക് പുറമെ 3001 ഡോളറാണ് സമ്മാനം. രണ്ടാം സ്ഥാനക്കാര്‍ക്ക് 1501 ഡോളര്‍ ലഭിക്കും. ഗ്രൂപ്പുകളിലെ മൂന്നാം സ്ഥാനക്കാര്‍ തമ്മില്‍ നടക്കുന്ന പോരാട്ടത്തില്‍ വിജയിക്കുന്നവര്‍ക്ക് എമെര്‍ജിംഗ് കപ്പും 501 ഡോളറും സമ്മാനിക്കും. 40 വയസിന് മുകളിലുള്ള പുരുഷന്മാരുടെ ടൂര്‍ണമെൻ്റില്‍ മാസ്റ്റേഴ്സ് കപ്പും 1000 ഡോളറുമാണ് സമ്മാനം. രണ്ടാം സ്ഥാനം നേടുന്ന ടീമിന് 750 ഡോളര്‍ ലഭിക്കും. സൂപ്പര്‍ ക്യൂന്‍സ് കപ്പിന് വേണ്ടിയുള്ള വനിതാ ടൂര്‍ണമെൻ്റില്‍ 750, 500 ഡോളര്‍ വീതമാണ് ആദ്യ രണ്ട് സ്ഥാനക്കാര്‍ക്ക് ലഭിക്കുക. വ്യക്തിഗത പ്രകടനങ്ങള്‍ക്കും പ്രത്യേകം സമ്മാനങ്ങള്‍ ഉണ്ടായിരിക്കുമെന്ന് സംഘാടകർ അറിയിച്ചു.

മൈതാനത്ത് മത്സരം കൊഴുക്കുമ്പോൾ കളിക്കളത്തിനു പുറത്ത് ഉത്സവമേളത്തോടെ ഹാമില്‍ട്ടണ്‍ ഹംഗാമ അരങ്ങേറും. തൃപ്തി കാറ്ററിംഗ് ഒരുക്കുന്ന ലൈവ് തട്ടുകട, കുട്ടികൾക്കായി നിരവധി മത്സരങ്ങൾ, വിവിധ സമ്മാനങ്ങൾ നൽകുന്ന നറുക്കെടുപ്പ് എന്നിവ ഹംഗാമയ്ക്ക് കൊഴുപ്പേകും. റിയൽറ്റർ സജി ആന്‍റണിയും തൃപ്തി കാറ്ററിങ്ങുമാണ് ഹാമില്‍ട്ടണ്‍ ഹംഗാമയുടെ സ്പോണ്‍സര്‍മാർ. നറുക്കെടുപ്പ് വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ ഗ്രേറ്റ് ട്രാവല്‍ ഫെയറും പ്ലെയര്‍ ഓഫ് ദി മാച്ച് അവാര്‍ഡുകള്‍ ജയിംസ് ഓട്ടോ ഗ്രൂപ്പും സ്പോണ്‍സര്‍ ചെയ്തിരിക്കുന്നു.
