ഓട്ടവ : വ്യാപാര ചർച്ചകൾക്കായി കാനഡയിലെ രണ്ട് കാബിനറ്റ് മന്ത്രിമാർ ഇന്ന് മെക്സിക്കോയിലേക്ക് യാത്ര തിരിക്കും. യുഎസ്-കാനഡ വ്യാപാര യുദ്ധത്തെ തുടർന്ന് അമേരിക്കയ്ക്ക് പുറത്തുള്ള വ്യാപാര പങ്കാളിത്തം മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ധനമന്ത്രി ഫ്രാൻസ്വ ഫിലിപ്പ് ഷാംപെയ്ൻ, വിദേശകാര്യ മന്ത്രി അനിത ആനന്ദ് എന്നിവർ മെക്സിക്കോ സിറ്റിയിൽ മെക്സിക്കൻ പ്രസിഡൻ്റുമായും സർക്കാർ ഉദ്യോഗസ്ഥരുമായും കൂടിക്കാഴ്ച നടത്തും.

ചൊവ്വാഴ്ചയും ബുധനാഴ്ചയുമായി നടക്കുന്ന ഉഭയകക്ഷി കൂടിക്കാഴ്ചയിൽ വ്യാപാരവും ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധവും ഉൾപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര സഹകരണം മെച്ചപ്പെടുത്താൻ പ്രധാനമന്ത്രി മാർക്ക് കാർണിയും മെക്സിക്കൻ പ്രസിഡൻ്റ് ക്ലോഡിയ ഷെയിൻബോമും കഴിഞ്ഞ മാസം സമ്മതിച്ചിരുന്നു. അതേസമയം കാനഡയും മെക്സിക്കോയും അമേരിക്കയിൽ നിന്ന് താരിഫ് ഭീഷണി നേരിടുന്ന സമയത്ത് ബന്ധം ശക്തിപ്പെടുത്താനുള്ള ശ്രമമാണ് വരാനിരിക്കുന്ന ചർച്ചകൾ കാണിക്കുന്നതെന്ന് കനേഡിയൻ ചേംബർ ഓഫ് കൊമേഴ്‌സിലെ ഇന്‍റർനാഷണൽ പോളിസി ആൻഡ് ഗ്ലോബൽ പാർട്ണർഷിപ്പുകളുടെ സീനിയർ വൈസ് പ്രസിഡൻ്റ് കാതറിൻ ഫോർട്ടിൻ-ലെഫെയ്‌വർ പറയുന്നു.